ന്യൂഡൽഹി : മധ്യപ്രദേശെന്നാൽ ബിജെപി എന്നാണ് അർഥമെന്ന് പാർട്ടി നേതാവ് പി. മുരളീധർ റാവു. ഖണ്ട്‌വയിലെ ലോക്‌സഭാ സീറ്റ് നേടിയതോടൊപ്പം ജോബത്ത്, പൃഥ്വിപൂർ നിയോജകമണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് പിന്നാലെയാണ് പ്രതികരണം.
മധ്യപ്രദേശിൽ തങ്ങൾക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ലെന്നും സംസ്ഥാനത്തെ പുതിയ മേഖലകളിലടക്കം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. ജോബത്ത്, പൃഥ്വിപൂർ മണ്ഡലങ്ങളിൽ മുൻ തെരഞ്ഞെടുപ്പുകളിൽ കുറച്ച് വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ അതേ മേഖലകളിൽ വിജയിക്കാൻ സാധിച്ചു. അതിനർഥം ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നുവെന്നാണെന്നും റാവു കൂട്ടിച്ചേർത്തു.
ALSO READ:'ദീപാവലിയില്‍ രാജ്യത്തെ വിലക്കയറ്റം ഉച്ഛസ്ഥായിയില്‍'; തമാശയല്ലെന്ന് രാഹുൽ
സീറ്റ് നേടാനായില്ലെങ്കിലും പശ്ചിമ ബംഗാളിൽ ഭാവി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് ഭരണം താൽക്കാലികമാണ്. ബിജെപി ശക്തമായ പ്രതിപക്ഷപാർട്ടിയായി സംസ്ഥാനത്ത് നിലനിൽക്കും.
മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് ഒക്ടോബർ 30ന് നടന്നത്. ഫലപ്രഖ്യാപനം നവംബർ രണ്ടിനായിരുന്നു.
അസം ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചപ്പോൾ മധ്യപ്രദേശിൽ മൂന്നിൽ രണ്ട് നിയമസഭാസീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും വിജയിച്ചു.
കർണാടകയിലെ സിന്ദ്ഗി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ ഹംഗൽ സീറ്റ് കോൺഗ്രസ് കൈക്കലാക്കി. അതേസമയം പശ്ചിമ ബംഗാളിലെ നാല് സീറ്റുകളും തൃണമൂല്‍ പിടിച്ചു. നാലിടത്തും ബിജെപി രണ്ടാം സ്ഥാനത്താണ്.