ഭോപ്പാൽ: അതിർത്തി ജില്ലകളിലെ ശല്യക്കാരായ കാട്ടാനകളെ തുരത്താൻ തേനീച്ച പ്രയോഗം നടത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ആനകളെ തുരത്താൻ പ്രദേശങ്ങളിൽ തേനീച്ച പെട്ടികൾ സ്ഥാപിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. സിധി, സിങ്ഗ്രൗളി, ഷാഹ്ദോൾ, അനുപ്പൂർ, ഉമരിയ, ദിൻഡോരി, മണ്ഡ്ല എന്നീ ജില്ലകളിലെ ഗ്രാമങ്ങളിലുള്ളവർക്കാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.
ആനയ്ക്ക് തേനീച്ചപ്പേടി: ആനകൾക്ക് പൊതുവെ തേനീച്ചകളോട് ഭയമുണ്ട്. തുമ്പിക്കൈയിലും കണ്ണിലും തേനീച്ച കുത്തുമെന്നതിനാലാണിത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, അതിന്റെ പ്രധാന 'ഹണി മിഷൻ' പരിപാടിയിലൂടെ, മൊറേന ജില്ലയിലെ 10 ഗുണഭോക്താക്കൾക്ക് 100 തേനീച്ച പെട്ടികൾ കഴിഞ്ഞ വർഷം വിതരണം ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്തെ ആളുകൾക്കായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനായി പട്ടികപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊതുസമൂഹത്തിനിടയിൽ അവബോധം സൃഷ്ടിക്കുക പ്രധാനം: സംസ്ഥാന വനംവകുപ്പ് എൻജിഒകളുമായി ചേർന്ന് ആനകളെ മെരുക്കാനും തുരത്താനുമുള്ള തന്ത്രങ്ങളെക്കുറിച്ച് പ്രാദേശിക സമൂഹങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള എൻജിഒകളോട് പരിശീലനം നൽകാനും അവരുടെ അനുഭവങ്ങൾ പ്രാദേശിക സമൂഹങ്ങളുമായി പങ്കിടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) ജെ എസ് ചൗഹാൻ പറഞ്ഞു. ഇതുകൂടാതെ ആനകളെ അകറ്റാൻ സെൻസിറ്റീവ് ഏരിയകളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആനകളെ തുരത്താനുള്ള തന്ത്രങ്ങൾ: മൃഗത്തെ കുറിച്ച് അല്പം ധാരണയും സംയമനവും പാലിച്ചാൽ ആളുകളുടെ ജീവനും സ്വത്തിനും നാശം സംഭവിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. തീവ്ര വെളിച്ചം, പടക്കങ്ങൾ, മുളകുപൊടി പുരട്ടിയ ചാണക വരളി കത്തിക്കൽ, തേനീച്ചകൾ, ഡ്രം ഉപയോഗിച്ച് ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നത് പോലെയുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് ആനകളെ തുരത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആനകൾക്ക് നേരെ കല്ലെറിയുകയോ മറ്റോ ചെയ്ത് അവയെ പ്രകോപിപ്പിക്കരുതെന്നും പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആനക്കലിയിൽ പൊലിഞ്ഞത് എട്ട് ജീവൻ: ഔദ്യോഗിക കണക്കുകൾ പ്രകാരം ഛത്തീസ്ഗഡിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം എട്ടിലധികം പേർ കൊല്ലപ്പെട്ടിരുന്നു. 2022 ഏപ്രിലിൽ, ഛത്തീസ്ഗഡിൽ നിന്ന് കടന്ന് ഷാഡോലിലെ അംജോർ പ്രദേശത്തേക്കെത്തിയ കാട്ടാനകൾ അഞ്ച് പേരെയാണ് കൊന്നത്. ഷാഹ്ഡോലിൽ കാട്ടാനകളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടതോടെ സംസ്ഥാന സർക്കാർ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇത് കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്ഥിതി എത്രത്തോളം ഭയാനകമായി മാറിയെന്ന് സൂചിപ്പിക്കുന്നു.
ആനകളെ ആകർഷിക്കുന്നത് മഹുവ പൂക്കൾ: ചില ഗ്രാമവാസികൾ കൃഷി ചെയ്യുന്ന മഹുവ പൂക്കളാണ് ആനകളെ പ്രദേശത്തേക്ക് ആകർഷിക്കുന്നത്. വനങ്ങളിലെ ജലാശയങ്ങൾ വറ്റി വരണ്ടു പോകുന്നതിനാൽ വേനൽക്കാലത്ത് വെള്ളവും തീറ്റയും തേടി ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതായും വന്യജീവി വിദഗ്ധർ പറയുന്നു.
ആറ് വർഷം കൊണ്ട് കാട്ടാനകളുടെ എണ്ണത്തിൽ വർധനവ് : ഔദ്യോഗിക കണക്കുകൾ പ്രകാരം 2017ൽ മധ്യപ്രദേശിൽ ഏഴ് ആനകൾ മാത്രമാണുണ്ടായിരുന്നത്. ഈ സംഖ്യ ഇപ്പോൾ 60 കടന്നിരിക്കുകയാണ്. ഛത്തീസ്ഗഡിൽ നിന്നുള്ള 60ഓളം കാട്ടാനകളെങ്കിലും മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ടൈഗർ റിസർവിലും (ബിടിആർ), സഞ്ജയ് ദുബ്രി ടൈഗർ റിസർവിലും (എസ്ഡിടിആർ) എത്തിയിട്ടുണ്ട്. കൂടാതെ മറ്റ് മൃഗങ്ങളും ഇടയ്ക്കിടെ പ്രദേശങ്ങളിലേക്ക് എത്താറുണ്ടെന്ന് ചൗഹാൻ പറഞ്ഞു.
ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് ഛത്തീസ്ഗഢിലേക്കും മറ്റും വന്യമൃഗങ്ങൾ ഇടനാഴി സൃഷ്ടിച്ചിട്ടുണ്ടെന്ന് സന്നദ്ധസംഘടനയായ പ്രയത്നയുടെ സ്ഥാപക സെക്രട്ടറിയും വന്യജീവി വിദഗ്ധനുമായ അജയ് ദുബെ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള അന്തർസംസ്ഥാന ഏകോപനത്തിന്റെ അഭാവമാണ് ആന-മനുഷ്യ സംഘട്ടനത്തിലേക്കും ജീവൻ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.