രാജ്‌ഗഡ് (മധ്യപ്രദേശ്) : കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 95കാരന്‍റെ വയറ്റില്‍ സ്റ്റീല്‍ ഗ്ലാസ്. രാജ്‌ഗഡ് സ്വദേശി രാംദാസ് എന്നയാളുടെ വയറ്റിലാണ് ഗ്ലാസ് കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയ ശേഷം ബലമായി ഗ്ലാസിന്‍റെ പുറത്ത് ഇരുത്തുകയും അത് മലദ്വാരത്തിലൂടെ വയറിലെത്തുകയുമായിരുന്നുവെന്നാണ് രോഗി പറയുന്നത്.
അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് വയോധികനെ രാജ്‌ഗഡിലുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ ഗ്ലാസ് കണ്ടെത്തിയത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ക്രൂരമായ സംഭവം.
പ്രദേശത്തെ ക്ഷേത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആംവാതാ സ്വദേശിയായ രാധേ ശ്യാം എന്നയാള്‍ ആളുകളില്‍ നിന്ന് പണം സംഭാവനയായി വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ പണം ക്ഷേത്രത്തിലേക്ക് നല്‍കിയില്ല. ഇക്കാര്യം ചോദിക്കുന്നതിനായാണ് രാംദാസ് ആംവാതാ ഗ്രാമത്തിലെത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാകുകയും രാധേ ശ്യാമിന്‍റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ നഗ്നനാക്കി മര്‍ദിച്ച ശേഷം ബലമായി ഗ്ലാസിന് പുറത്ത് ഇരുത്തുകയുമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
സംഭവത്തിന് ശേഷം ഗ്രാമത്തില്‍ തിരികെയെത്തിയ രാംദാസ്, കളിയാക്കുമെന്ന് കരുതിയാണ് ഇക്കാര്യം ആരോടും പറയാതിരുന്നത്. വേദന സഹിക്കാന്‍ കഴിയാതെയായപ്പോള്‍ പ്രദേശവാസികളോട് നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. രോഗിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി രാംദാസിനെ ഭോപ്പാല്‍ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.