ഗ്വാളിയോർ: മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്താനും കളംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായി, ഗ്വാളിയോറിൽ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍, ബിജെപിയുടെ ശക്തമായ പോസ്റ്റര്‍ പ്രതിഷേധമാണ് പ്രിയങ്കയ്‌ക്ക് നേരിടേണ്ടി വന്നത്.
മധ്യപ്രദേശ് സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന പ്രിയങ്ക ഗാന്ധിയോട്, തങ്ങളുടെ ഭരണകൂടത്തിന്‍റെ പദ്ധതികളിലേക്ക് കണ്‍തുറന്ന് നോക്കാനാണ് ബിജെപി പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യ - വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ 'ലാഡ്‌ലി ലക്ഷ്‌മി യോജന' അടക്കമുള്ള പദ്ധതികളാണ് പോസ്റ്ററുകളിലൂടെ ബിജെപി ചൂണ്ടിക്കാട്ടിയത്. പെൺഭ്രൂണഹത്യ തടയുന്നതിനും ശൈശവവിവാഹങ്ങൾ ഇല്ലാതാക്കുന്നതിനും വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തതെന്നും ബിജെപി അവകാശവാദമുയര്‍ത്തി.
'വീമ്പിളക്കല്‍ അല്ല, ഞങ്ങള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളി': സംസ്ഥാനത്തെ വിദ്യാർഥിനികളുടേയും സ്‌ത്രീകളുടേയും ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ബിജെപി സർക്കാര്‍ ശ്രമിച്ചതെന്നും ഈ സര്‍ക്കാരിന്‍റെ ഇത്തരം നേട്ടങ്ങളിൽ പുഞ്ചിരിക്കുകയാണ് പ്രിയങ്ക ചെയ്യേണ്ടതും ബിജെപി പറയുന്നു. '45 ലക്ഷം വിദാര്‍ഥിനികള്‍ക്കാണ് ലാഡ്‌ലി ലക്ഷ്‌മി പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. ഇതിനെയോര്‍ത്ത് പുഞ്ചിരിക്കൂ പ്രിയങ്ക... ഒരു പെണ്‍കുട്ടിക്ക് 1,000 രൂപ വീതമാണ് കിട്ടുന്നത്.' - ബിജെപിയുടെ ഒരു പോസ്റ്ററില്‍ പറയുന്നു.
മറ്റൊരു പോസ്റ്ററിൽ കർഷകരുടെ പ്രശ്‌നമാണ് ബിജെപി ഉയർത്തിക്കാട്ടിയത്. 'കർഷകരുടെ വായ്‌പ എഴുതിത്തള്ളാനുള്ള ഇടപെടല്‍ നടത്തി. അല്ലാതെ വെറും വീമ്പിളക്കല്‍ മാത്രമല്ല നടത്തിയത്'. 'പ്രിയങ്ക ജി പുഞ്ചിരിക്കൂ..., മധ്യപ്രദേശിൽ ദാരിദ്ര്യം കുറഞ്ഞു, വളർച്ച നിരക്ക് 19.76% ആണ്.' - ഗ്വാളിയോറിലെ വിവിധ ഇടങ്ങളില്‍ പതിച്ച പോസ്റ്ററുകളില്‍ പറയുന്നു.
മധ്യപ്രദേശില്‍ പെൺമക്കൾ ഭാരമല്ല, ദേവതകളാണ്. ദശലക്ഷക്കണക്കിന് പെൺമക്കൾ ജനിക്കുകയും ലാഡ്‌ലി ലക്ഷ്‌മി യോജനയുടെ ഫലം നേടുകയും ചെയ്യുന്നു. പ്രായം ചെന്നവര്‍ വിമാനമാർഗമാണ് തീർഥാടനത്തിന് പോകുന്നത്. ആ രൂപത്തിലാണ് സംസ്ഥാനം വളര്‍ന്നതെന്നും മറ്റൊരു പോസ്റ്റർ. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ അശോക് ഗെലോട്ട് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരിനെ ചൂണ്ടിക്കാട്ടിയും മധ്യപ്രദേശില്‍ ബിജെപി പ്രചാരണം നടത്തി. രാജസ്ഥാനില്‍ സ്‌ത്രീകൾ ദുരിതത്തിലാണെന്നും ബിജെപി, പ്രിയങ്കയ്‌ക്കെതിരായ പറഞ്ഞു.
ഗ്വാളിയോറിലെ റാണി ലക്ഷ്‌മി ഭായിയുടെ ശവകുടീരത്തിലെത്തിയ പ്രിയങ്കയ്‌ക്ക് നേരെ പ്ലക്കാർഡുകളുമായി നൂറിലധികം സ്‌ത്രീകൾ രംഗത്തെത്തി. വന്‍ രോഷത്തോടെയാണ് പ്രിയങ്കയ്‌ക്കെതിരായി ഇവര്‍ മുദ്രാവാക്യം വിളിച്ചത്. കനത്ത സുരക്ഷയ്ക്കിടയിൽ കാറിൽ നിന്ന് ഇറങ്ങിയ ഉടൻ സ്ത്രീകൾ ലഘുലേഖകൾ എറിയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.