ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഒരു ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരണപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ലഖ്‌നൗവിലെ ഹസ്‌റാത്ത്‌ഘഞ്ചിലെ ലവന എന്ന ഹോട്ടലില്‍ ഇന്ന്(05.09.2022) രാവിലെയാണ് തീപിടുത്തമുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. പരിക്ക് പറ്റിയവരെ നഗരത്തിലെ സിവില്‍ ഹോസ്‌പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്ക് പറ്റിയവര്‍ക്ക് എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ല ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കലക്‌ടറോടും ജില്ല പൊലീസ് മേധാവിയോടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കെട്ടിടത്തിലെ ഗ്യാസ് സിലണ്ടറുകളും തീപിടിക്കുന്ന മറ്റ് വസ്‌തുക്കളും മാറ്റി. അഗ്നിരക്ഷ സേനാംഗങ്ങളും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നത്. "തീപിടുത്തത്തിനുള്ള കാരണം വിലയിരുത്തികൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാനാണ് സാധ്യത.
ഹോട്ടലിലെ 30 മുറികളില്‍ 18 മുറിയിലും ആളുകള്‍ ഉണ്ടായിരുന്നു. 35-40 വരെ ആളുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഹോട്ടലില്‍ കുടുങ്ങികിടന്നവരെ രക്ഷിച്ച് സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്", ജില്ല കലക്‌ടര്‍ സൂര്യപാല്‍ ഗ്യാങ്‌വര്‍ പറഞ്ഞു. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചുകൊണ്ടാണ് അഗ്നിരക്ഷാ പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും ഹോട്ടലില്‍ പ്രവേശിച്ചത്. സംസ്ഥാന ദുരന്ത നിവാരണസേനയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.