ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്‌മീരി പണ്ഡിറ്റും റവന്യു വകുപ്പ് ജീവനക്കാരനുമായ രാഹുൽ ഭട്ടിന്‍റെ മരണത്തിൽ അനുശോചനമറിയിച്ച് ജമ്മു കശ്‌മീർ ലെഫ്‌റ്റനന്‍റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതീഷ്വർ കുമാർ.
വെള്ളിയാഴ്‌ച വൈകുന്നേരം സെൻട്രൽ കശ്‌മീരിലെ ബുദ്‌ഗാം ജില്ലയിലെ ഷെയ്‌ഖ്‌പുര പണ്ഡിറ്റ് കോളനി സന്ദർശിച്ച അദ്ദേഹം, രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലെഫ്. ഗവർണർ മനോജ് സിൻഹയുമായി ചർച്ച ചെയ്‌ത് ഉറപ്പുവരുത്തുമെന്നും അറിയച്ചു. കശ്‌മീർ ഡിവിഷണൽ കമ്മീഷണർ പി.കെ പോൾ, ഡിഐജി സെൻട്രൽ കശ്‌മീർ സുജിത് കുമാർ എന്നിവരവും സന്ദർശനത്തിന് ഒപ്പമുണ്ടായിരുന്നു.
READ MORE:തഹസിൽദാര്‍ ഓഫിസിൽ തീവ്രവാദി വെടിവയ്‌പ്പ്; റവന്യു വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
അതേസമയം പ്രിൻസിപ്പൽ സെക്രട്ടറിയുടെ സന്ദർശനത്തിലും വാഗ്‌ദാനങ്ങളിലും കോളനി നിവാസികൾ തൃപ്‌തരല്ലെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് വെള്ളിയാഴ്‌ച മുതൽ ഷെയ്ഖ്‌പോര കോളനിയുൾപ്പെടെ താഴ്‌വരയിലെ വിവിധയിടങ്ങളിൽ പണ്ഡിറ്റുകൾ പ്രതിഷേധിച്ചുവരികയാണ്. വ്യാഴാഴ്‌ചയാണ് (മെയ് 12) ബുദ്‌ഗാമിലെ ചദൂരയിലെ തഹസിൽദാർ ഓഫീസിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് റവന്യൂ വകുപ്പിലെ ജീവനക്കാരനായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്.
കശ്‌മീരി പണ്ഡിറ്റുകൾക്കായി അനുവദിച്ച പ്രധാനമന്ത്രിയുടെ തൊഴിൽ പാക്കേജിന് കീഴിലാണ് അദ്ദേഹത്തെ റിക്രൂട്ട് ചെയ്തത്. എന്നാൽ നിലവിൽ പദ്ധതിക്ക് കീഴിൽ റിക്രൂട്ട് ചെയ്യപ്പെട്ട മറ്റ് ജീവനക്കാരും പ്രതിഷേധത്തിലാണ്. താഴ്‌വരയിലെ സുരക്ഷിതമല്ലാത്ത അന്തരീക്ഷം ചൂണ്ടിക്കാണിച്ച്, താഴ്‌വരയ്ക്ക് പുറത്ത് തങ്ങളെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ശ്രീനഗറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവർ.