ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ കാമുകിയെ യുവാവ് ക്രൂരമായി കൊന്ന് മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു. ജാഗ്രോണി സ്വദേശി ജസ്‌വീന്ദർ കൗറാണ് കൊല്ലപ്പെട്ടത്. കേസിൽ മരിച്ച യുവതിയുടെ കാമുകനായ പരംപ്രീത് ഉൾപ്പടെ നാല് പേരെ ജാഗ്രോൺ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ദിവസങ്ങൾക്ക് മുൻപ് യുവതിയെ കാണാനില്ലെന്ന് അവരുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ യുവതി സ്വന്തം വീട്ടിൽ നിന്നും ആഭരണങ്ങളും പണവുമായാണ് കടന്നുകളഞ്ഞതെന്ന് മനസിലായി. യുവതി പ്രതിയോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ ആവശ്യം വിസമ്മതിച്ച പരംപ്രീത് പിന്നീട് കൂട്ടാളികളുമായി ചേർന്ന് യുവതിയെ കൊന്ന് യുവതിയുടെ സ്വർണവും പണവും കൈക്കലാക്കി. മൃതദേഹം ആദ്യം അടുത്തുള്ള കനാലിൽ നിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കത്തിച്ച് കുഴിച്ചിടുകയായിരുന്നു.
പ്രതിയെ പിടികൂടിയ ശേഷം മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് പ്രതികള്‍ പറഞ്ഞതായും ലുധിയാന റൂറൽ പൊലീസ് ജെസിബിയുടെ സഹായത്തോടെ മൃതദേഹം കണ്ടെടുത്തതായും റേഞ്ച് ഐജി ഡോ. കൗസ്‌തൂഭ് ശർമ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.