ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലെ ബി.ജെ.പി സ്ഥാനാർഥി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തുമെന്നും പശ്ചിമ ബംഗാളിന്‍റെ എല്ലാ കോണുകളിലും താമര വിരിയുമെന്നും ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് താക്കൂർ.നന്ദിഗ്രാമിൽ സുവേന്ദു അധികാരി വിജയിക്കുമെന്നും മമത ബാനർജി തോൽവി ഏറ്റു വാങ്ങേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മമത ബാനർജി തോൽവിയെ ഭയപ്പെടുന്നെന്നും ഓരോ നേതാക്കളും പാർട്ടി വിട്ടു പോകുന്നത് കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ കുറിച്ച് ചോദിച്ചപ്പോൾ രാജ്യത്തെ ജനങ്ങൾ വർഷങ്ങളോളം ഭരിക്കാൻ അവസരം നൽകിയ പാർട്ടി ജനാധിപത്യത്തെ ചോദ്യം ചെയ്യുകയാണെന്നും ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധി ഉത്തരേന്ത്യക്കാരെ വിഡ്ഢികളെന്ന് വിളിച്ചിരുന്നു എന്നും ഇതൊക്കെയാണ് കോൺഗ്രസ് പാർശ്വവൽക്കരിക്കപ്പെടാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസം മമത ബാനർജിക്ക് നേരെയുണ്ടായ ആക്രമണം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ആറ് എംപിമാരടങ്ങുന്ന തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.