മുംബൈ : രാമന്‍ മാംസാഹാരിയാണെന്ന പരാമര്‍ശം നടത്തിയ എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎല്‍എ ജിതേന്ദ്ര അവ്ഹാഡിന് എതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മുംബൈ, പല്‍ഹാര്‍ ജില്ലകളിലായാണ് ജിതേന്ദ്ര അവ്ഹാഡിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് (Raman Non vegetarian statement by NCP MLA Jitendra Awhad)
മുംബൈ പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ട്. താനെ ജില്ലയിലെ നവ്ഘര്‍ പൊലീസ് സ്റ്റേഷനിലാണ് മറ്റൊരു കേസെടുത്തിട്ടുള്ളത്. ശരദ് പവാര്‍ വിഭാഗത്തിനൊപ്പം നില്‍ക്കുന്ന എംഎല്‍യ്ക്കെതിരെ നേരത്തെ പൂനെ പൊലീസും കേസെടുത്തിരുന്നു. നേരത്തെ മഹാരാഷ്ട്ര മന്ത്രി ആയിരുന്ന ഇദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല (case against NCP MLA Jitendra Awhad).
വിശ്വഹിന്ദു പരിഷത്ത് ഭാരവാഹിയായ ഗൗതം റാവ്‌രിയ എന്നയാളുടെ പരാതിയില്‍ വെള്ളിയാഴ്‌ചയാണ് എംഐഡിസി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഒരു വാര്‍ത്ത ചാനലിലാണ് ഇദ്ദേഹം രാമനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ കുറ്റകൃത്യനിയമം 295 (എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
മതസ്‌പര്‍ധയുണ്ടാക്കും വിധം ഒരു മതത്തെയോ വിഭാഗത്തെയോ കരുതിക്കൂട്ടി അപമാനിക്കുകയോ അവരുെട വിശ്വാസങ്ങള്‍ ഹനിക്കും വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നത് തടയുന്ന വകുപ്പാണിത്. ഇതേസംഭവത്തില്‍ ഘാട്കോപ്പര്‍ പൊലീസ് സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ബിജെപി എംഎല്‍എ രാം കദമിന്‍റെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. താനെയിലെ നവ്ഘര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പ്രാദേശിക വ്യവസായിയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
മുമ്പ്ര-കല്‍വ മണ്ഡലത്തെയാണ് അവ്ഹാഡ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ഈമാസം മൂന്നിനാണ് ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. രാമന്‍ വേട്ടയാടിയാണ് ജീവിച്ചിരുന്നത്. അദ്ദേഹം ബഹുജന്‍ വിഭാഗത്തിന്‍റെ ആളാണ്. ബിജെപി അദ്ദേഹത്തിന്‍റെ പേര് പറഞ്ഞ് നമ്മെ സസ്യാഹാരികളാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ തങ്ങള്‍ രാമന്‍റെ പാത തന്നെ പിന്തുടര്‍ന്ന് മാംസം കഴിക്കുമെന്നും എംഎല്‍എ ഷിര്‍ദിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ബഹുജന്‍ എന്നത് ബ്രാഹ്മണേതര വിഭാഗത്തെ പരാമര്‍ശിക്കുന്ന വാക്കാണ്. എംഎല്‍എ പിന്നീട് തന്‍റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ വാക്കുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല.
Also Read: 'രാമൻ എന്നത് സങ്കൽപ്പം, ലാലുവിനെക്കാൾ വലിയ ദൈവമില്ല', ഫത്തേ ബഹദൂർ സിങിന് ഭ്രാന്തെന്ന് ബിജെപി