മുംബൈ: 300 കോടി രൂപയുടെ മയക്കുമരുന്ന് വിതരണ റാക്കറ്റിന്‍റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന മുംബൈ ദമ്പതികള്‍ക്കായി മധ്യപ്രദേശ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. ആശിഷ് കുമാര്‍ മേത്തയും ഭാര്യ ശിവാനി മേത്തയുമാണ് മുംബൈയിലെയും മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഖിനായാദാനിലെയും പൊലീസ് റഡാറില്‍ നിന്നും അപ്രത്യക്ഷരായത്. 17 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോണുമായി മയക്കുമരുന്ന് കച്ചവടക്കാരനെന്ന് സംശയിക്കുന്ന 39 കാരനായ നിസാര്‍ സുബൈര്‍ ഖാന്‍ എന്നയാള്‍ പൊലീസിന്‍റെ പിടിയിലായതോടെയാണ് സംഭവം പുറത്തായത്.
താനെയില്‍ നിന്ന് രണ്ടാഴ്‌ച മുന്‍പാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ നിസാര്‍ ആശിഷ് കുമാറിന്‍റെയും ശിവാനി മേത്തയുടെയും പേര് പറയുകയായിരുന്നു. മയക്കുമരുന്ന് കടത്ത്, പോണ്‍സി സ്‌കീംസ്, ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട അഴിമതികള്‍ എന്നിവ ഉള്‍പ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളികളാണെന്നും സുബൈര്‍ ആരോപിച്ചു. സുബൈറിന്‍റെ മൊഴിക്ക് പിന്നാലെ രണ്ട് തവണയാണ് ദമ്പതികളെ പിടികൂടാന്‍ മധ്യപ്രദേശ് പൊലീസ് സംഘം മുംബൈയിലെത്തിയത്.
പിന്നാലെ ജൂണ്‍ 13ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവര്‍ക്ക് സമന്‍സ് അയച്ചു. എന്നാല്‍ ഈ ദിവസം ആശിഷ് കുമാര്‍ മേത്തയും ശിവാനി മേത്തയും സ്റ്റേഷനില്‍ ഹാജരായില്ല. തുടര്‍ന്ന് മുംബൈ പൊലീസ് കമ്മിഷണര്‍ അവരെ ബന്ധപ്പെടുകയും അന്വേഷണത്തില്‍ എംപി പൊലീസുമായി സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ അവര്‍ ഇതുവരെയും സ്റ്റേഷനില്‍ ഹാജരായില്ല.
തുടര്‍ന്ന് ജൂണ്‍ 16ന് മധ്യപ്രദേശ് പൊലീസിന്‍റെ എട്ട് പേരടങ്ങുന്ന സംഘം മുംബൈയിലേക്ക് യാത്ര തിരിച്ചെങ്കിലും അപ്പോഴേക്കും അവര്‍ താമസസ്ഥലം വിട്ട് പോയിരുന്നു. ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ മയക്കുമരുന്ന് പണത്തില്‍ നിന്ന് 174 കോടി രൂപയുമായി ഇവര്‍ രക്ഷപ്പെട്ടതായി കരുതുന്നു. മുംബൈയിലെ ഗോരേഗാവ് പരിസത്തുളള ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതും പൂട്ടിയതുമായ ആഡംബര ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
'അവര്‍(ആശിഷ് മേത്തയും ഭാര്യ ശിവാനി മേത്തയും) മയക്കുമരുന്ന് കേസില്‍ സംശയിക്കപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനായി അവരെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്', ശിവ്പുരി പൊലീസ് സുപ്രണ്ട് രഘുവംശ് സിങ് ബദൗരിയയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം തന്‍റെ കക്ഷികളെ കേസില്‍ കുടുക്കുകയാണെന്നും എല്ലാ വിശദാംശങ്ങളും പൊലീസിന് സമര്‍പ്പിക്കാന്‍ അവര്‍ സമയം തേടിയിട്ടുണ്ടെന്നും മേത്ത ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞു.
174 കോടി രൂപ വിവിധ അക്കൗണ്ടുകളിലോക്ക് മാറ്റാന്‍ ദമ്പതികള്‍ക്ക് കഴിഞ്ഞതായും എല്‍ഒസി നല്‍കുന്നതിന് മുന്‍പ് ഇവര്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. തങ്ങളുടെ വീടിനടുത്തുളളവര്‍ക്കെല്ലാം വ്യാജ പേരുകളും ഫോണ്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളുമാണ് ദമ്പതികള്‍ നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിനിടെ താന്‍ മുംബൈയിലുളള യുവതിയുടെയും ഭര്‍ത്താവിന്‍റെയും കൊറിയര്‍ ആള്‍ മാത്രമാണെന്നാണ് നിസാര്‍ സുബൈര്‍ ഖാന്‍ പൊലീസിനോട് തുറന്നുപറഞ്ഞത്. ദമ്പതികള്‍ തനിക്ക് പാക്കറ്റ് കൈമാറിയപ്പോള്‍ അതില്‍ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഗോരേഖാവ് ഈസ്റ്റിലെ ഒബ്‌റോയ് എസ്‌ക്വയറിലെ വസതിയിലേക്ക് പാഴ്‌സലുകള്‍ ശേഖരിക്കാന്‍ ദമ്പതികള്‍ തന്നെ വിളിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഓരോ ഡെലിവറിക്ക് മുമ്പും പുതിയ മൊബൈലും സിമ്മും നല്‍കിയിരുന്നുവെന്നും അത് പാഴ്‌സല്‍ കൈമാറിയ ശേഷം നശിപ്പിക്കുമെന്നും ഖാന്‍ എംപി പൊലീസിനോട് പറഞ്ഞിരുന്നു.