ദളപതി വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ലിയോ'യുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസിനോടടുക്കുമ്പോള്‍ 'ലിയോ' (Leo) വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. ഒക്‌ടോബര്‍ 19ന് തിയേറ്ററുകളില്‍ എത്തുന്ന 'ലിയോ'യുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട് (Leo Release).
'ലിയോ'യെ കുറിച്ചുള്ള സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് (Logesh Kanagaraj). 'ലിയോ'യുടെ ആദ്യ 10 മിനിറ്റ് ഒരു കാരണവശാലും നഷ്‌ടമാക്കരുത് എന്ന അഭ്യര്‍ഥനയുമായാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
'ലിയോ ആദ്യ 10 മിനിറ്റ് ആരും നഷ്‌ടപ്പെടുത്തരുത്. എങ്ങനെയെങ്കിലും ഓടിയെത്തി നിങ്ങള്‍ ആദ്യം മുതല്‍ തന്നെ ലിയോ കാണണം. കാരണം, 1000 എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും. അത്രയധികം പേര്‍ ആ രംഗങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്‌തിട്ടുണ്ട്.
നിരവധി പേര്‍ സിനിമയില്‍ ജോലി ചെയ്‌തിട്ടുണ്ട്. എന്നാല്‍ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തന്നെ തിയേറ്ററുകളില്‍ എത്തി സമാധാനമായി ഇരുന്നു ചിത്രം ആസ്വദിക്കുക. അതിന് വേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണി എടുത്തത്.
കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ ഒക്‌ടോബര്‍ വരെ നിര്‍ത്താതെ ഓടിയതാണ്. അത് നിങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്.
ആദ്യ 10 മിനിറ്റ് പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയേറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേയ്‌ക്കും എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും.' -ലോകേഷ് കനകരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ലിയോ'യിയെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ലിയോ'യിലെ ഹിറ്റായ 'ഞാന്‍ റെഡി താ' എന്ന ഗാനത്തിന്‍റെ മലയാളം വേര്‍ഷനായ 'ഞാൻ റെഡിയായ് വരവായി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ദീപക് റാമിന്‍റെ ഗാനരചനയില്‍ റാപ് ഗായകന്‍ അർജുൻ വിജയും, രേവന്തും ചേര്‍ന്നാണ് മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ഗാനം റിലീസ് ചെയ്‌തിരുന്നു.
റിലീസിന് മുമ്പ് തന്നെ ചിത്രം റെക്കോഡുകളും സൃഷ്‌ടിച്ചു. 'ലിയോ'യുടെ ഓവര്‍സീസ് അഡ്വാന്‍ഡ് ബുക്കിങ് കണക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. റിലീസിന് ഒരാഴ്‌ച മാത്രം ബാക്കി നില്‍ക്കെ ആഗോള തലത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ അഞ്ച് മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. ആദ്യ ദിനം 3.30 മില്യണ്‍ ഡോളറും വാരാന്ത്യത്തില്‍ 1.50 മില്യണ്‍ ഡോളറുമാണ് ലിയോ കലക്‌ട് ചെയ്‌തത്.