ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാംഗങ്ങളെ പരിചയപ്പെടുത്തുന്നതിനിടെയാണ് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചത്. തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എതിര്‍പ്പ് രേഖപ്പെടുത്തി. പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിന്‍റെ പെരുമാറ്റം അനാരോഗ്യകരമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
Read more: പെഗാസസ്: രാജ്യത്തിന്‍റെ സുരക്ഷ ഭീഷണിയിലെന്ന് അധിർ രഞ്ജൻ ചൗധരി
പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പായി ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പെഗാസസ് ചോര്‍ച്ചയുടെ വ്യാപ്‌തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ബിനോയ് വിശ്വം, സഞ്ജയ് സിങ് എന്നിവര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 13 വരെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം.
ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യയില്‍ നിന്ന് ദ വയര്‍, വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ദ ഗാർഡിയന്‍ എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്.