ഹൈദരാബാദ്: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യമാണെങ്കിലും തെലങ്കാനയിൽ ഇപ്പോൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിനെ പറ്റി ആലോചിക്കുന്നില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നാളെ മുതൽ തെലങ്കാനയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ തവണത്തെ ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനം ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിച്ചെന്നും അതിനാൽ തന്നെ ഇപ്പോൾ ഒരു ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ട ആവശ്യകത ഇല്ലെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.
സംസ്ഥാന സർക്കാർ കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിനായി എല്ലാവിധ മുൻ കരുതലുകളും എടുത്തിട്ടുണ്ടെങ്കിലും ജനങ്ങൾ സ്വയം പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 5.5 കോടി കടന്നു.