മുംബൈ: മൊബൈൽ ആപ്പ് വഴി ലൈംഗിക ദൃശ്യങ്ങൾ സ്ട്രീം ചെയ്‌തതിന് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ മുംബൈ പൊലീസ് (Mumbai Police) അറസ്‌റ്റ് ചെയ്‌തു. തത്സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആപ്പിലൂടെ കാണാൻ 1000 മുതൽ 10,000 രൂപ വരെയാണ് പ്രതികൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നത് (Live Streaming Porn Via Mobile App- Three Arrested). ബാന്ദ്ര കോടതിയിൽ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തനിഷ രാജേഷ് കനോജിയ, രുദ്ര നാരായൺ റൗട്ട്, തമന്ന ആരിഫ് ഖാൻ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ആപ്പിലൂടെ തത്സമയം ലൈംഗിക ബന്ധത്തിൽ (Live Sex) ഏർപ്പെടുന്നത് കാണാൻ 1,000 രൂപ മുതൽ 10,000 രൂപ വരെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്‌ക്കാനും ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കിയിരുന്നു. ആപ്പിൽ ലൈംഗിക ബന്ധം ലൈവ് സ്ട്രീം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്‌ത പൊലീസിന് ചില അശ്ലീല വീഡിയോകൾ ലഭിച്ചു. തുടർന്ന് സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോടെ വെർസോവയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്‌ഡിലാണ് സ്ത്രീകൾ അടക്കം മൂന്നുപേർ പിടിയിലായത്.
കേസിൽ പ്രധാന കണ്ണികളായ ആപ്പ് ഉടമയ്ക്കും ഇയാളുടെ ഡ്രൈവർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. "ആപ്പ് വഴി ലൈംഗിക ഉള്ളടക്കം കാണിക്കുന്നതിൽ റാക്കറ്റ് ഉൾപ്പെട്ടിട്ടുണ്ടെന്നും 'ലൈവ് സെക്‌സ്' കാണുന്നതിന് ഉപയോക്താക്കളിൽ നിന്ന് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ വെർസോവയിലെ ഒരു ഫ്ലാറ്റ് റെയ്‌ഡ് ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു." പൊലീസ് ഇൻസ്പെക്‌ടർ ഗണേഷ് പവാർ പറഞ്ഞു.
ഗണേഷ് പവാറിനൊപ്പം ഇൻസ്‌പെക്‌ടർ സച്ചിൻ ഷിർകെ, സബ് ഇൻസ്‌പെക്‌ടർ മനോജ് ഹൗൾ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ അന്വേഷണ സംഘമാണ് ഫ്ലാറ്റിൽ റെയ്‌ഡ് നടത്തിയത്. അറസ്റ്റിലായ തനിഷയാണ് അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ഉപയോഗിച്ചിരുന്ന ഫ്ലാറ്റിൽ താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം മൂവർക്കും എതിരെ കേസെടുത്തു.