ന്യൂഡൽഹി: അന്താരാഷ്‌ട്ര ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്‌റ്റിവലിൽ മലയാള ചിത്രമുൾപ്പെടെ ഇന്ത്യയിൽ നിന്ന് ആറ് സിനിമകൾ പ്രദർശിപ്പിക്കും. ജയരാജ് സംവിധാനം ചെയ്‌ത 'നിറയെ തത്തകളുള്ള മരം' (Tree Full of Parrots) എന്ന ചിത്രമാണ് മലയാളത്തിൽ നിന്നും മേളയിൽ പ്രദർശിപ്പിക്കുന്നത്. കൂടാതെ നമ്പി നാരായണന്‍റെ കഥ പറയുന്ന മാധവൻ ചിത്രം 'റോക്കട്രി-ദി നമ്പി ഇഫക്‌ട്' ലോക പ്രീമിയറും ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം 'ആൽഫ ബീറ്റ ഗാമ', നിഖിൽ മഹാജൻ സംവിധാനം ചെയ്‌ത മറാത്തി ചിത്രം 'ഗോദാവരി', ബിശ്വജീത് ബോറ സംവിധാനം ചെയ്‌ത മിഷിങ് ഭാഷാചിത്രം 'ബൂംബാ റൈഡ്', അചൽ മിശ്ര സംവിധാനം ചെയ്‌ത ഹിന്ദി, മറാത്തി ചിത്രം 'ധുയിൻ' എന്നിവയും ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വ്യാഴാഴ്‌ച (മെയ് 12) ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
അതേസമയം ഈ പ്രദർശനങ്ങൾ കാൻ മേളയുടെ ഔദ്യോഗിക ലൈനപ്പിന്‍റെ ഭാഗമല്ലെന്നും, കാൻ ഫിലിം മാർക്കറ്റ് എന്നുകൂടി വിളിക്കപ്പെടുന്ന മാർച്ചെ ഡു ഫിലിംസിലും ഇവ പ്രദർശിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞയാഴ്‌ചയാണ് മാർച്ചെ ഡു ഫിലിംസ് ഇന്ത്യയെ 'കൺട്രി ഓഫ് ഓണർ' ആയി പ്രഖ്യാപിച്ചത്.
ബോളിവുഡ് താരം അക്ഷയ് കുമാർ, സംഗീത സംവിധായകൻ എ.ആർ റഹ്മാൻ, ചലച്ചിത്ര നിർമാതാവ് ശേഖർ കപൂർ, തെന്നിന്ത്യൻ താരം പൂജ ഹെഗ്‌ഡെ എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ദിനത്തിൽ റെഡ് കാർപെറ്റിലെത്തും. മെയ് 25നാണ് മേള സമാപിക്കുന്നത്.