ലഖിംപൂർ ഖേരി: സ്ഥലം മാറ്റം അനുവദിക്കാൻ സീനിയര്‍ ഉദ്യോഗസ്ഥൻ ഭാര്യയെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ലൈൻമാൻ ആത്മഹത്യ ചെയ്തു. ധഹ്‌പൂർ സ്വദേശിയായ ലൈൻമാൻ ഗോകുൽ യാദവാണ് തീ കൊളുത്തി ജീവനൊടുക്കിയത്. ജൂനിയർ എഞ്ചിനിയർ നാഗേന്ദ്ര ശർമയാണ് ഭാര്യയേയും ഒരു ലക്ഷം രൂപ കൈകൂലിയും ആവശ്യപ്പെട്ടത്.
ലൈൻമാന്‍റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. നാഗേന്ദ്ര ശർമക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ യുവതി ഉന്നയിച്ചത്. ഗോകുൽ യാദവിനെ അടുത്തിടെ ധഹ്പൂരിൽ നിന്ന് അലിഗഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഭാര്യയും മക്കളും ധാഹാപൂരിൽ താമസിക്കുന്നതിനാൽ തിരികെ ധഹ്പൂരിൽ നിയമനം ലഭിക്കാൻ ഗോകുൽ നാഗേന്ദ്ര ശർമയെ സമീപിച്ചു. എന്നാൽ നാഗേന്ദ്ര ശർമ കൈക്കൂലി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയാണുണ്ടായത്. ഉദ്യോഗസ്ഥന്‍റെ നിരന്തര മാനസിക പീഡനത്തിൽ മനംമടുത്ത് ഞായറാഴ്‌ച ഗോകുൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പ്രതിക്കെതിരെ പരാതി രജിസ്റ്റർ ചെയ്‌തു. ആരോപണ വിധേയനായ നാഗേന്ദ്ര ശർമയെയും മറ്റൊരു ലൈൻമാനെയും സസ്‌പെൻഡ് ചെയ്‌തതായി ജില്ല മജിസ്‌ട്രേറ്റ് മഹേന്ദ്ര ബഹാദുർ സിങ് അറിയിച്ചു.