ബംഗളൂരു: ഇന്ത്യൻ സൈന്യത്തിന്‍റെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ). കാൺപൂരിലെ ഡിഫൻസ് മെറ്റീരിയൽസ് ആന്‍റ് സ്റ്റോർ റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റാണ് (ഡിഎംഎസ്ആർഡിഇ) ഒൻപത് കിലോഗ്രാം ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തയാറാക്കിയത്.
ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടറിയിൽ ഫ്രണ്ട് ഹാർഡ് ആർമർ പാനൽ ജാക്കറ്റ് പരീക്ഷിക്കുകയും പ്രസക്തമായ ബിസ് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തുവെന്നും,ഈ സാങ്കേതിക വിദ്യയിലൂടെ ഇടത്തരം വലിപ്പത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്‍റെ ഭാരം 10.4 കിലോയിൽ നിന്ന് ഒമ്പത് കിലോയായി കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും ഡിആര്‍ഡിഒ അറിയിച്ചു.
സൈനികർക്ക് ഏറെ സൗകര്യ പ്രദമാകുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.