ന്യൂഡല്‍ഹി: 2013ലെ ബലാത്സംഗ കേസില്‍ ആശാറാം ബാപ്പു കുറ്റവാളിയെന്ന് ഗാന്ധിനഗര്‍ സെഷന്‍സ് കോടതി. കേസില്‍ ആശാറാമിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. പിഴതുക, നഷ്‌ടപരിഹാരമായി ഇരയ്‌ക്ക് നല്‍കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് ഡി കെ സോണി വിധിച്ചു.
2013ലാണ് സൂറത്ത് സ്വദേശിയായ സ്‌ത്രീയെ ഇയാള്‍ ബലാത്സംഗം ചെയ്‌തതായി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത്. തന്‍റെ ആശ്രമത്തിലുണ്ടായിരുന്ന പരാതിക്കാരിയെ ആശാറാം നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഈ കേസിലാണ് കോടതി, ആശാറാം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2001 മുതല്‍ 2006 വരെയുള്ള വര്‍ഷത്തില്‍ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. കേസില്‍ പങ്കാളികളായ ആശാറാമിന്‍റെ ഭാര്യ ലക്ഷ്‌മിബെന്‍, ഇവരുടെ മകള്‍, ആശാറാമിന്‍റെ നാല് അനുയായികള്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു. 2031 വര്‍ഷത്തില്‍ രാജസ്ഥാനിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് നിലവില്‍ ആശാറാം, ജോധ്‌പൂര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
ഐപിസി 376(2)(സി), 377 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ഇയാള്‍ക്കെതിരെ ജീവപര്യന്തം വിധിച്ചത്. 376, 377 വകുപ്പുകള്‍ക്ക് പുറമെ 342, 354, 357, 506 തുടങ്ങിയ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സമാനമായ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആശാറാമിന് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഉത്തരവിനെതിരെ വാദിച്ച ആശാറാമിന്‍റെ അഭിഭാഷകന്‍ വിധി ഗുജറാത്ത് ഹൈക്കോടതി ചോദ്യം ചെയ്യുമെന്ന് പറയുകയും പത്ത് വര്‍ഷമാക്കി ശിക്ഷ കുറയ്‌ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇരയെ ബലാത്‌കാരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ആശ്രമത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തതിന് പ്രതിയ്‌ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിന്‍റെ വാദത്തിന്‍റെ പകര്‍പ്പ് ക്യാമറയില്‍ സൂക്ഷിക്കുകയും ചെയ്‌തു.