'പഠിക്കാനുള്ള എന്‍റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ് ?, പുസ്‌തകവും പേനയുമാണ് നമ്മുടെ ആയുധം. വിദ്യാഭ്യാസമാണ് ഏക പരിഹാരം' - പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താലിബാന്‍ മതതീവ്രവാദികളോട് പോരാടിയ 'മലാല യൂസഫ്‌സായി'യുടെ വാക്കുകളാണിത്.
1997 ജൂലൈ 12നാണ് മലാല ജനിച്ചത്. മാതാപിതാക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം സ്വാത്തിലെ വീട്ടില്‍ സുഖമായി ജീവിച്ച് വരികയായിരുന്നു. സ്വാത്തില്‍ താലിബാന്‍ സ്വാധീനം ചെലുത്തി തുടങ്ങിയ 2008 മുതലാണ് മലാലയുടെ ജീവിതം മാറിമറിയുന്നത്.
തോക്കിന്‍ മുന്നില്‍ പതറാതെ മലാല : പാകിസ്ഥാനിലെ തുടര്‍ച്ചയായ താലിബാന്‍ സ്വാധീനത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നാളുകളില്‍ നിറതോക്കുകളെ തെല്ലും ഭയപ്പെടാതെയാണ് മലാല പോരാടിയത്. വിദ്യാഭ്യാസത്തിനായി പേരാടിയതിന് താലിബാന്‍റെ കൊടും ക്രൂരതയ്ക്ക് ഇരയായതോടെയാണ് മലാല യൂസഫ്‌സായി എന്ന അന്നത്തെ 11 കാരിയെ ലോകം തിരിച്ചറിഞ്ഞുതുടങ്ങിയത്.
വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം : 'ആരാണ് മലാല' എന്ന താലിബാന്‍റെ ചോദ്യത്തിന് ഞാനാണ് മലാലയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ പെണ്‍കൊടി. 'ഗുല്‍മക്കായി' എന്ന അപരനാമത്തില്‍ താലിബാനെതിരെ ബ്ലോഗുകള്‍ എഴുതി തുടങ്ങിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോരാട്ടം മലാല തുടങ്ങിയത്. 2009 ജനുവരി 3ന് ആദ്യ ബ്ലോഗ് പ്രസിദ്ധീകരിക്കപ്പെട്ടു. നിരന്തരം ബിബിസിയിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട മലാലയുടെ ബ്ലോഗുകള്‍ താലിബാന്‍ തീവ്രവാദികളുടെ ഉറക്കം കെടുത്തുന്നതായി. എന്നാല്‍ അപരനാമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ബ്ലോഗുകള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ താലിബാന്‍ ഏറെ പ്രയാസപ്പെട്ടു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പേരാടാനുള്ള മലാലയുടെ ആഗ്രഹത്തിന് ചുക്കാന്‍ പിടിച്ചത് എഴുത്തുകാരനും സ്‌കൂള്‍ ഉടമയുമായ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായിയാണ്. നിരന്തരം താലിബാനെതിരെ തൊടുക്കുന്ന ബ്ലോഗ് എഴുത്തുകള്‍ ആരുടേതാണെന്ന് ഒടുക്കം താലിബാന്‍ കണ്ടെത്തി. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന പെണ്‍കുട്ടിയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കേണ്ടെന്ന് താലിബാന്‍ പദ്ധതിയിട്ടു. മലാലയെ തേടി താലിബാന്‍ തീവ്രവാദികളിറങ്ങി. ഒടുക്കം താലിബാന്‍റെ കഴുകന്‍ കണ്ണുകള്‍ക്ക് മുന്നില്‍ 2012 ഒക്ടോബര്‍ 9 ന് മലാല ചെന്നുപെട്ടു.
വൈകുന്നേരം സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചും ഉല്ലസിച്ചും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബസ് പൊടുന്നനെ ബ്രേക്കിട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ തോക്കുധാരിയായ ഒരാള്‍ ബസിലേക്ക് ചാടിക്കയറി. ഇതോടെ കുട്ടികള്‍ ഭയന്നുവിറച്ചു. അയാള്‍ക്കറിയേണ്ടിയിരുന്നത് ഒറ്റക്കാര്യം മാത്രം. 'നിങ്ങളില്‍ ആരാണ് മലാല ?' പറഞ്ഞില്ലെങ്കില്‍ മുഴുവന്‍പേരെയും വെടിവച്ചുകൊല്ലുമെന്ന ഭീഷണിയും.
ആവര്‍ത്തിച്ചുള്ള ആക്രോശത്തിന് മുന്നില്‍ ഭയപ്പെട്ടുനിന്നെങ്കിലും കൂട്ടുകാരികളാരും മലാലയെ അയാള്‍ക്ക് കാണിച്ച് കൊടുത്തില്ല. ബസിനുള്ളിലെ ഓരോ പെണ്‍കുട്ടികളോടും അയാള്‍ മലാലയെ തിരക്കി. ഒടുക്കം ആ കൂട്ടത്തില്‍ നിന്നും അയാള്‍ മലാലയെ കണ്ടെത്തി. ഭയപ്പെട്ട് അയാളുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ തലയില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ നിറയൊഴിച്ചു. കൈയെത്തും ദൂരത്ത് നിന്ന് വന്ന ആ വെടിയുണ്ട അവളുടെ തലയിലൂടെ തുളച്ച് കയറി തോളെല്ലിനടുത്തെത്തി. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ആ കൊച്ചുപെണ്‍കുട്ടി മറിഞ്ഞുവീണ് ചോരയില്‍ക്കുതിര്‍ന്നു.
ഇതോടെയാണ് മലാല എന്ന പെണ്‍കുട്ടിയെ കുറിച്ച് ലോകം അറിഞ്ഞുതുടങ്ങുന്നത്. പിന്നീടിങ്ങോട്ടുള്ള നിരവധി നാളുകള്‍ മലാല കഴിച്ച് കൂട്ടിയത് ആശുപത്രിയുടെ അകത്തളങ്ങളിലായിരുന്നു. മരണത്തോട് മല്ലിട്ട് കഴിയുമ്പോള്‍ അന്താരാഷ്ട്ര സമൂഹം മുഴുവന്‍ ധീരയായ ആ കൊച്ചുപെണ്‍കുട്ടിയ്ക്കായി പ്രാര്‍ഥിച്ചു. ഒടുക്കം ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്‌ടര്‍മാര്‍ മലാലയുടെ തോളില്‍ ചെന്നെത്തിയ വെടിയുണ്ട പുറത്തെടുത്തു. ക്രമേണയുള്ള ചികിത്സയിലൂടെ അവള്‍ സുഖം പ്രാപിച്ചു.
താലിബാനെതിരെ പ്രതിഷേധവുമായി പാക് ജനത : പാകിസ്ഥാനില്‍ സ്വാധീനം ചെലുത്തിയ താലിബാന്‍ തീവ്രവാദികളെ തുരത്തണമെന്ന ചിന്ത പാക് പൗരന്മാരില്‍ ഉണര്‍ന്ന് തുടങ്ങിയതും മലാലയ്ക്ക് വെടിയേറ്റതിന് പിന്നാലെയാണ്. പെണ്‍കുട്ടിക്ക് നേരെ നിറയൊഴിച്ചുള്ള താലിബാന്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം പ്രതിഷേധിച്ചു. തങ്ങളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയെന്ന കൊച്ചു പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ പാകിസ്ഥാനിലെ കുട്ടികള്‍ രംഗത്തിറങ്ങി. ഒക്ടോബര്‍ 12ന് പാകിസ്ഥാനിലെ 50 ഇസ്‌ലാമിക പുരോഹിതര്‍ ചേര്‍ന്ന്, മലാലയ്‌ക്കെതിരെ നിറയൊഴിച്ച അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഒരു കോടി പാകിസ്ഥാന്‍ രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.
വെടിയുണ്ടയെ തോല്‍പ്പിച്ച് ഒടുക്കം ജീവിതത്തിലേക്ക് : ഏറെ നാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ മലാല സ്വബോധം വീണ്ടെടുത്തു. പിന്നാലെ ലോക ജനതയ്ക്ക് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു. ഞാനിതാ പ്രതിസന്ധികളെ തരണം ചെയ്‌ത് ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു. ഇത് രണ്ടാം ജന്മമാണ്. ഇനിയുള്ള നാളുകള്‍ താലിബാനെതിരെ ശക്തമായി പൊരുതും. പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും മലാല പറഞ്ഞു.
താലിബാന്‍ വെടിയുണ്ടകള്‍ക്ക് ഇരയായ തനിക്കായി പ്രാര്‍ഥിച്ച മുഴുവന്‍ ജനങ്ങള്‍ക്കും നന്ദിയെന്നുമായിരുന്നു ആ വീഡിയോയിലെ മലാലയുടെ സന്ദേശം. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതിന് പിന്നാലെ സ്വാത്തിലെ ഓരോ വിദ്യാര്‍ഥികള്‍ക്കും സ്‌ത്രീകള്‍ക്കുംവേണ്ടി ശബ്‌ദമുയര്‍ത്തിയ മലാലയെ തേടി നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളുമെത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയ മലാലയ്‌ക്ക് 2014 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചു.
നൊബേല്‍ സമ്മാനം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മലാലയാണ്. താലിബാനോട് പൊരുതിയ 11 വയസുകാരിയായ കുഞ്ഞുമലാലയുടെ ജന്മദിനം പിന്നീട് ഐക്യരാഷ്‌ട്ര സഭ 'മലാല ദിന'മായി ആചരിച്ചുവരുന്നു.