ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടിലിൽ ഒരു ഭീകരനെ വധിച്ചു. ലഷ്കർ ഇ ത്വയ്ബ അംഗമായ ഭീകരനെയാണ് വധിച്ചതെന്ന് സുരക്ഷ സേന അറിയിച്ചു.
പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സിആർപിഎഫും ചേർന്ന നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്."ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയ ശേഷം കീഴടങ്ങാൻ അവസരം നൽകിയെങ്കിലും ഭീകരർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു" ,പൊലീസ് പറഞ്ഞു.
Also Read: സമുദ്രത്തിനുള്ളിലെ നിധിതേടി ഇന്ത്യ; 'ഡീപ് ഓഷ്യൻ' ദൗത്യത്തിന് അംഗീകാരം
ഷോപിയാനിലെ വാൻഡിന മെൽഹൂറ സ്വദേശിയായ ഉസൈർ അഷ്‌റഫ് ദാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മൃതദേഹവും കണ്ടെടുത്തു. സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകര പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു അഷ്‌റഫ് ദാറെന്ന് പൊലീസ് പറഞ്ഞു.ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.