ശ്രീനഗർ : സർപഞ്ച് മൻസൂർ അഹമ്മദ് കൊലപാതക കേസിൽ മൂന്ന് ലഷ്‌കർ ഭീകരരെ കശ്‌മീർ പൊലീസ് പിടികൂടി. ഗോഷ്ബുഗ് പഠാൻ നിവാസികളായ നൂർ മൊഹമ്മദ് യാട്ടു, മൊഹമ്മദ് റഫീഖ് പരെ, ആഷിക് ഹുസൈൻ പരെ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3 ചൈനീസ് പിസ്‌റ്റളുകൾ, 2 ഗ്രനേഡുകൾ, 32 പിസ്‌റ്റള്‍ റൗണ്ടുകൾ എന്നിവ കണ്ടെടുത്തു.
ഏപ്രിൽ 15നാണ് ഗോഷ്ബുഗ് സർപഞ്ച് മൻസൂർ അഹമ്മദ് ബാംഗൂവിനെ ഭീകരർ കൊലപ്പെടുത്തിയത്. സർപഞ്ചിനെ കൊന്നതിൽ ഇവരുടെ പങ്കിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവർക്കായി തിരച്ചിൽ നടത്തിയതെന്ന് ബാരാമുളള എസ്എസ്‌പി റയീസ് അഹമ്മദ് ഭട്ട് പറഞ്ഞു.
ലഷ്‌കർ ഭീകരൻ മൊഹമ്മദ് അഫ്‌സൽ ലോണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മൂവരും സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി.