ശ്രീനഗർ: നിരവധി തീവ്രവാദ ആക്രമണങ്ങളിലെ സൂത്രധാരനായ ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ പിടിയിലായി. നദീം അബ്രാറിനെയാണ് ശ്രീനഗറിൽ വച്ച് ജമ്മു കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇയാളെ നാളുകളായി പൊലീസ് തിരയുന്നുണ്ടായിരുന്നു.
ശ്രീനഗറിലെ പ്രിംപോറ ദേശീയപാതയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ലാവേപോറയിൽ സിആർപിഎഫിന് നേരെയുണ്ടായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 2018 ഡിസംബർ മുതൽ ലഷ്‌കർ ഇ ത്വയ്‌ബയില്‍ സജീവമായിരുന്ന ഇയാൾ നിരവധി ട്രെയിനിങ് ക്യാമ്പുകള്‍ നടത്തിയതായും പൊലീസിന് വിവരമുണ്ട്.
പരിശോധന ശക്തമാക്കി പൊലീസും സൈന്യവും
കഴിഞ്ഞ ഏതാനും നാളുകളായി മേഖലയില്‍ പൊലീസും സൈന്യവും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച തെക്കൻ കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. സാജദ് അഹ്‌മ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. നിരോധിത തീവ്രവാദ സംഘടനയായ ഹിസ്‌ബുൾ മുജാഹിദ്ദീനുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
also read: സൈദാപോറയിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന് ദാരുണാന്ത്യം
ഷോപിയാനിലെ ഷിർമാൽ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭ്യമായതിനെ തുടർന്നാണ് പൊലീസും സൈന്യവും സിആർപിഎഫും തെരച്ചിൽ ആരംഭിച്ചത്. കീഴടങ്ങാൻ തീവ്രവാദികൾക്ക് അവസരം നൽകിയെങ്കിലും അവർ കീഴടങ്ങാൻ തയ്യാറായില്ല. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കൊല്ലപ്പെട്ട സാജദ് അഹ്‌മ്മദ് ഭട്ട് 2020 മുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമാണെന്നും നിരവധി ഭീകരാക്രമണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന ഒരു പിസ്‌റ്റൾ, ഒരു ഗ്രനേഡ് തുടങ്ങിയവ കണ്ടെത്തിയതായും ഒരു ഒളിത്താവളം തകർത്തതായും പൊലീസ് അറിയിച്ചു.