ബെംഗളൂരു : സൗത്ത് ബെംഗളൂരു പ്രദേശങ്ങളില്‍ ഭീതി പരത്തി പുള്ളിപ്പുലികള്‍. ബെംഗളൂരു മെട്രോപൊളിറ്റൻ മുന്‍സിപ്പൽ കോർപ്പറേഷൻ പരിധിയിലെ തുറഹള്ളി നഗരത്തിലെ വനമേഖലയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് അടിയന്തര നടപടികള്‍ ആരംഭിച്ചു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുടനീളം പ്രചരിച്ചതോടെയാണ് പ്രദേശത്ത് ഭീതി പടര്‍ന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി.
നേരത്തെ തുറഹള്ളി വനപ്രദേശത്ത് പുലിയെ കണ്ടിരുന്നുവെന്ന് ആളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പുലിയെ പിടികൂടാനായി പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എസ് എസ് രവിശങ്കര്‍ പറഞ്ഞു. ഒരു പുലിയെയാണ് തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.
എന്നാല്‍ രണ്ട് പുലികളുടെ സാന്നിധ്യം സ്ഥലത്തുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതിനെ തുടര്‍ന്ന് നിരീക്ഷണം തുടരുകയാണെന്നും രണ്ട് ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രവിശങ്കര്‍ പറഞ്ഞു. തന്‍റെ കുഞ്ഞുങ്ങളോടൊപ്പം പുലി വനത്തിനുള്ളില്‍ വഴിതെറ്റി അലഞ്ഞുതിരിഞ്ഞു നടക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നുകാലികളെ കൊല്ലുന്ന പ്രവണത തുറഹള്ളി വനപ്രദേശത്തിനടുത്തുള്ള സോമപുരയിലുണ്ട്.
തുറഹള്ളി വനത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ബന്നാർഗട്ട റിസർവ് വനത്തിൽ നിന്ന് പുലി വഴിതെറ്റിയെത്തിയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.