നീലഗിരി (തമിഴ്‌നാട്): രണ്ട് പേരെ കടിച്ച് കൊന്ന പുലിയെ ഒമ്പത് ദിവസങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ വനം വകുപ്പ് സംഘം (Forest Department team) മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചു ( Leopard in Tamil Nadu caught). പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നലെ (ജനുവരി 6 ശനിയാഴ്‌ച) നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നാൻസി എന്ന മൂന്നുവയസ്സുകാരി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മാങ്കോറഞ്ചിലെ അങ്കണവാടിയിൽ ജോലി ചെയ്യുന്ന അമ്മയോടൊപ്പം നാൻസി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലിയുടെ അക്രമണത്തിന് ഇരയായത്. സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പുലി കുഞ്ഞിനെ വലിച്ച് കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി പന്തലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചു.
ഡിസംബർ 28 ന് പന്തലൂർ സ്വദേശിയായിരുന്ന സരിത ( 29) എന്ന ആദിവാസി യുവതിയും പുലിയുടെ ആക്രമണത്തിൽ മരണത്തിന് ഇരയായി. കഴിഞ്ഞ 15 ദിവസത്തിനിടെയാണ് ജില്ലയിൽ പുലിയുടെ ആക്രമണം രൂക്ഷമായത്. രണ്ട് പേർ മരണപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പുലി ഇടയ്ക്കിടെ ഈ ഗ്രാമങ്ങളിലെ ജനങ്ങളെയും കന്നുകാലികളെയും ആക്രമിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. പുലിയുടെ ആക്രമണം പതിവായതിൽ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരി സംഘടനകളും ഇന്നലെ 10 സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ച് ഹർത്താൽ ആചരിച്ചു. ആളുകളെ ആക്രമിക്കുന്ന പുലിയെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
രണ്ട് വെറ്ററിനറി ഡോക്‌ടർമാരുൾപ്പെടെ 50ലധികം വനംവകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലുടനീളം തിരച്ചിൽ നടത്തിയിരുന്നു. ആറ് കൂടുകൾ സ്ഥാപിച്ച് ഡ്രോണിന്‍റെ സഹായത്തോടെ പുലിയുടെ നീക്കം നിരീക്ഷിച്ചു.ഒടുവിൽ മയക്കുവെടിവെച്ചാണ് പുലിയെ പിടികൂടി കൂട്ടിൽ അടച്ചത്. നാല് വയസ്സുള്ള ആൺപുലിയാണ് ഇതെന്നും ഇതിനെ മുതുമല ആനത്താവളത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 10 ലക്ഷം രൂപ വീതം നഷ്‌ട പരിഹാരം പ്രഖ്യാപിച്ചിച്ചുണ്ട്.