ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐപിസി 124 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കണമെന്നും സർക്കാരിന്‍റെ പുനഃപരിശോധനയ്ക്കായി കാത്തിരിക്കരുതെന്നും ഇടതു പാർട്ടികൾ. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ ശിക്ഷ നിയമം പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെ വിവാദമായ നിയമം സുപ്രീം കോടതി ഇന്ന് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുപക്ഷ പാർട്ടികളുടെ പ്രതികരണം.
സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമത്തെ എക്കാലവും എതിർത്തിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ നിയമപുസ്തകങ്ങളിൽ ഈ നിയമത്തിന് സ്ഥാനമില്ല. ഇതിനെതിരെയുള്ള സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
2014 മുതൽ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ ഉപദ്രവിക്കാൻ ഈ നിയമം ദുരുപയോഗം ചെയ്യുന്ന മോദി സർക്കാർ കേസുകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചത് ശ്രദ്ധേയമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 326 പേരെ രാജ്യദ്രോഹ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അവരിൽ ആറ് പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇത് മോദി സർക്കാരിന്‍റെ കടുത്ത നിയമ ദുരുപയോഗത്തെയാണ് വ്യക്തമാക്കുന്നത്. യെച്ചൂരി പറഞ്ഞു.
ALSO READ: സുപ്രധാനവിധിയുമായി സുപ്രീംകോടതി, രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു
അതേസമയം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌തുകൊണ്ട് സിപിഐയും പ്രസ്താവനയിറക്കി. ജനാധിപത്യ വിരുദ്ധ നിയമമായ ഐപിസിയിലെ 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ 2011-ൽ തന്നെ രാജ്യസഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു ദശാബ്‌ദത്തിന് ശേഷം കോടതി നിയമം ഇത് മരവിപ്പിച്ചിരിക്കുകയാണ്. രാജ്യദ്രോഹ നിയമത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ സിപിഐയുടെ നിലപാടിന്‍റെ ന്യായീകരണമാണെന്നും പ്രസ്താവനയിൽ പറയുന്നു.