ബെംഗളൂരു : കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി ഇന്ന് വൈകുന്നേരം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ലക്ഷ്‌മൺ സവാദി ബിജെപി പാർട്ടി വിട്ടിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി വിട്ടത്.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, നിയമസഭ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടകയുടെ പാർട്ടി ഇൻചാർജുമായ രൺദീപ് സിങ് സുർജേവാല എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ലക്ഷ്‌മൺ സവാദി സ്വന്തം ഇഷ്‌ടപ്രകാരമാണ് കോൺഗ്രസ് പാർട്ടിയിൽ അംഗമാകുന്നതെന്ന് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി എംഎൽഎ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിയുമായി ഇന്ന് ഉച്ചയ്‌ക്ക് ശേഷം ലക്ഷ്‌മൺ സവാദി കൂടിക്കാഴ്‌ച നടത്തുകയും രാജി സമർപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം സവാദി ഔദ്യോഗികമായി കോൺഗ്രസിൽ ചേരുമെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു. അവസാന ഘട്ടത്തിൽ ബിജെപി നേതാക്കൾ തനിക്ക് സീറ്റ് നിഷേധിച്ചുവെന്നും ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ലക്ഷ്‌മൺ സവാദി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
യെദിയൂരപ്പയുടെ വിശ്വസ്‌തനായ ലക്ഷ്‌മൺ സവാദിയുടെ കൂടുമാറ്റത്തിന്‍റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം. 2004 മുതൽ 2018വരെ അദ്ദേഹം ബെലഗാവി ഉത്തർ എംഎൽഎയായിരുന്നു. 2018ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് പരാജയപ്പെട്ടു. ബെലഗാവി ഉത്തർ സീറ്റ് നൽകണമെന്ന് സവാദി അഭ്യർഥിച്ചിരുന്നു. എന്നാൽ സവാദിയുടെ അഭ്യർഥന അവഗണിച്ച് ബിജെപി സീറ്റ് സിറ്റിംഗ് എം എൽ എ മഹേഷ് കുമത്തള്ളിക്ക് നൽകിയിരുന്നു.
എന്നാൽ, കോൺഗ്രസ് പാർട്ടി അംഗമായിരുന്ന കുമത്തള്ളി ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ താഴെയിറക്കാനും 2019ൽ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനും കൂറുമാറി ബിജെപിയെ സഹായിച്ച നേതാക്കളിൽ ഒരാളാണ് മഹേഷ് കുമത്തള്ളി. 2019 ജൂലൈ 26 ന് മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു. ബിഎസ്‌വൈ സർക്കാർ തലപ്പത്ത് നിന്ന് രാജിവച്ചതിന് ശേഷം, 2021 ജൂലൈ 28ന് കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
മേയ് 10നാണ് കർണാടകയിൽ വോട്ടെടുപ്പ് നടക്കുക. മേയ് 13ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ആദ്യ പട്ടികയിൽ 189 സീറ്റുകളിലും രണ്ടാം പട്ടികയിൽ 23 സീറ്റുകളിലും ബിജെപി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഇടഞ്ഞ് ജഗദീഷ് ഷെട്ടാർ: ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപിയോട് ഇടഞ്ഞ് നിൽക്കുകയാണ്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഷെട്ടാർ ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ മണ്ഡലമായ സുബ്ബള്ളിയിൽ ഷെട്ടാർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടി ദേശീയ നേതൃത്വം അറിയിച്ചത്.
Also read: സ്ഥാനാർഥി പട്ടികയ്‌ക്ക് പിന്നാലെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി ലക്ഷ്‌മൺ സവാദി