വിശാഖപട്ടണം: ഇരുട്ടു മുറിയില്‍ കഴിയുന്നത് നമുക്കൊന്നും അത്ര എളുപ്പമാകില്ല. ആരുമായും ആശയവിനിമയം നടത്താതെ എത്ര നേരം ഒരാള്‍ക്ക് ഒറ്റക്കൊരു മുറിയില്‍ കഴിയാനാകും. പല മാനസിക സംഘര്‍ഷങ്ങളിലേക്കും അത് നമ്മെ തള്ളിവിട്ടേക്കാം. അങ്ങനെയുള്ളപ്പോള്‍ വര്‍ഷങ്ങളോളം ഒരു ഇരുട്ടുമുറിയില്‍ കഴിയേണ്ടിവന്നാല്‍ എന്താകും അവസ്ഥ. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് അന്ധ്രാപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.
ഒന്നോ രണ്ടോ ദിവസമല്ല 11 വര്‍ഷമാണ് വിജയനഗരത്തിലെ ഒരു യുവതി ഇരുട്ടുമുറിയില്‍ കഴിഞ്ഞത്. ഇവര്‍ സ്വന്തം ഇഷ്‌ടത്തിന് ഇങ്ങനെ ചെയ്‌തു എന്ന് കരുതിയെങ്കില്‍ തെറ്റി. പ്രശസ്‌ത അഭിഭാഷകനായ യുവതിയുടെ ഭര്‍ത്താവാണ് ഇവരെ 11 വര്‍ഷം വീട്ടു തടങ്കലില്‍ വച്ചത്. പൊലീസെത്തിയാണ് ഇവരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചത്.
ഭാര്യയെ ഇരുട്ടു മുറിയില്‍ അടച്ചത് 11 വര്‍ഷം: ശ്രീ സത്യസായി പുട്ടപര്‍ത്തി സ്വദേശിയായ സായി സുപ്രിയയാണ് 11 വര്‍ഷം നരകയാതന അനുഭവിച്ചത്. 2008ലാണ് സുപ്രിയയും വിജയനഗരത്തിലെ കന്‍റോൺമെന്‍റെ ബാലാജി മാർക്കറ്റിന് സമീപം താമസിക്കുന്ന ഗോദാവരി മധുസൂദനനും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്.
അഭിഭാഷകനായി ജോലി ചെയ്യുന്ന ഭര്‍ത്താവ്. ഓമനത്തമുള്ള രണ്ട് കുട്ടികള്‍.. സുപ്രിയയുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിനിടെയാണ് കരിനിഴല്‍ പോലെ ഭര്‍ത്താവിന്‍റെ അമ്മയും സഹോദരനും ഇവരുടെ കുടുംബ ജീവിതത്തില്‍ ഇടപെട്ട് തുടങ്ങിയത്. സുപ്രിയയെ കുറിച്ച് മധുസൂദനന്‍റെ അമ്മയും സഹോദരനും മോശം കാര്യങ്ങള്‍ മധുസൂദനനോട് പറയാന്‍ തുടങ്ങി.
ആരോപണങ്ങളും ആക്ഷേപങ്ങളും വര്‍ധിച്ചതോടെ മധുസൂദനന്‍ സുപ്രിയയെ വീട്ടുതടങ്കലിലാക്കി. മകളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രിയയുടെ കുടുംബം മധുസൂദനനെ പല തവണ സമീപിച്ചു. പൊലീസില്‍ പരാതിപ്പെടും എന്നും പറഞ്ഞു. എന്നാല്‍ തന്‍റെ അഭിഭാഷക ജോലി കാണിച്ച് വീട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
11 വര്‍ഷത്തോളം മകളെ കാണാനോ വിവരങ്ങള്‍ അറിയാനോ സുപ്രിയയുടെ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ ക്ഷമ നശിച്ച കുടുംബം എസ്‌പിക്ക് പരാതി നല്‍കി. ഫെബ്രുവരി 28ന് പൊലീസ് മധുസൂദനന്‍റെ വീട്ടിലെത്തി. എന്നാല്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി.
സെര്‍ച്ച് വാറന്‍റ് ഇല്ലാതെ വീട് പരിശോധിച്ചാല്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് പൊലീസ് അറസ്റ്റ് വാറന്‍റുമായി എത്തുകയും വീട് പരിശോധിക്കുകയും ചെയ്‌തു. ഇരുട്ടുമുറിയില്‍ സുപ്രിയയെ പൊലീസ് കണ്ടെത്തി. യുവതിയെ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് വിജയനഗരം ഒടകാവ ടൗൺ പൊലീസ് അറിയിച്ചു.
സഹോദരന്‍റെ ഭാര്യയും പീഡനം നേരിട്ടു: സുപ്രിയയുടെ മോചനത്തിന് പിന്നാലെ വമ്പന്‍ ട്വിസ്റ്റാണ് നടന്നത്. ഇതേ കുടുംബത്തില്‍ നിന്ന് മറ്റൊരു യുവതിയും തനിക്ക് നേരിട്ട പീഡനം വിവരിച്ച് രംഗത്തു വന്നു. മധുസൂദനന്‍റെ സഹോദരന്‍റെ ഭാര്യ പുഷ്‌പലതയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രതികരിച്ചത്. പുഷ്‌പലത ഇപ്പോൾ വിശാഖപട്ടണത്ത് ഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുന്നു.
രണ്ട് ആണ്‍കുട്ടികളുള്ള താന്‍ മൂന്നാമതൊരു ആണ്‍കുട്ടിക്ക് കൂടി ജന്മം നല്‍കിയില്ലെന്ന് പറഞ്ഞ് ഭര്‍ത്തൃമാതാവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പുഷ്‌പലത പറഞ്ഞു. നിയമ നടപടിക്ക് പോയിട്ട് തനിക്ക് നീതി ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു. സുപ്രിയയുടെ മോചനം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തനിക്കും നീതി വേണമെന്നും പുഷ്‌പലത ആവശ്യപ്പെട്ടു.