ന്യൂഡല്‍ഹി: തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്‌റ്റര്‍ അപകടത്തിൽ മരിച്ച സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍.
ബിപിന്‍ റാവത്തിന്‍റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ കാമരാജ് മാര്‍ഗിലെ മൂന്നാം നമ്പർ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ 11 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് ഔദ്യോഗികവസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കാം. 12.30 മുല്‍ 1.30 വരെ സൈനികോദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരമുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് മൃതദേഹങ്ങള്‍ കാമരാജ് മാര്‍ഗിലെ വസതിയില്‍ നിന്ന് വിലാപയാത്രയായി ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകും.
ബിപിന്‍ റാവത്ത് ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച 13 പേരുടേയും മൃതദഹേങ്ങളടങ്ങിയ പേടകങ്ങള്‍ വ്യാഴാഴ്‌ച രാത്രിയോടെയാണ് സുലൂരില്‍ നിന്ന് ഡല്‍ഹിയിലെ പാലം വ്യോമത്താവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയവര്‍ വ്യോമത്താവളത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. വെല്ലിങ്ടണിലെ സൈനികാശുപത്രിയില്‍ നിന്ന് മദ്രാസ് റെജിമെന്‍റല്‍ സെന്‍ററില്‍ എത്തിച്ച് അവിടെ നിന്നാണ് സൂലൂര്‍ വ്യോമത്താവളത്തിലെത്തിച്ചത്.
ഊട്ടിക്ക് സമീപം കൂനൂരില്‍ ബുധനാഴ്‌ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്‌റ്റര്‍ അപകടമുണ്ടായത്. സംയുക്തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് തകർന്നുവീഴുകയായിരുന്നു. റാവത്ത് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു.
Also read: Coonoor Helicopter Crash : സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി