ഹൈദരാബാദ്: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മെഡിക്കൽ ജേണൽ ലാൻസെറ്റ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ലാൻസെറ്റിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഒന്നാം തരംഗത്തെ നേരിട്ട ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നാണ് പഠനങ്ങള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി. കൊവിഡിന്‍റെ തീവ്രവ്യാപനം (സൂപ്പര്‍ സ്‌പ്രെഡ്) ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു.
Also Read: വാക്‌സിന്‍ കയറ്റുമതി; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മനീഷ് സിസോദിയ
മാർച്ച് ആദ്യം കൊവിഡ് കേസുകൾ കൂടുന്നതിനു മുമ്പ് മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചു. രണ്ടാംതരംഗത്തിന്‍റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവർത്തിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ തോൽപ്പിച്ചെന്ന ധാരണയാണ് സർക്കാർ പരത്തിയത്. ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്‍റെ സിറോ സർവേ രാജ്യത്തെ 21 ശതമാനംപേരിലേ കൊറോണ വൈറസിനെതിരായ ആന്‍റിബോഡികളുള്ളൂവെന്ന് കണ്ടെത്തിയിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
Also Read: കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഐഎൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി ശ്രദ്ധകൊടുക്കുന്നത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണ്. തുറന്ന സംവാദങ്ങളും, വിമർശനങ്ങളും അടിച്ചമർത്താൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ അംഗീകരിക്കാനാകാത്തതാണ്. മോദി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി. ലക്ഷണക്കണക്കിന് ജനങ്ങളെ ക്ഷണിച്ച് രാഷ്ട്രീയ റാലികള്‍ നടത്തി. ഇത്തരത്തില്‍ മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയെയും ആരോഗ്യസംവിധാനത്തിന്‍റെ പരാജയത്തെയും ലാന്‍സെറ്റ് എടുത്തു കാട്ടുന്നു. കുംഭമേള പോലുള്ള പരിപാടികള്‍ നടത്തിയത് കൊവിഡ് വ്യാപനത്തിന്‍റെ ആക്കം കൂട്ടിയെന്നും ജേണല്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്
ഇന്ത്യയുടെ വാക്‌സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് സംസ്ഥാന തല വിതരണ പദ്ധതി പ്രതിസന്ധിയിലാക്കി. ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അനാവശ്യമായ മത്സരം വിപണിയിലുണ്ടാക്കിയെന്നും ലാന്‍സറ്റ് പറയുന്നു. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു.