പൂര്‍ണിയ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ആര്‍എസ്എസ് മുഖംമൂടി അണിഞ്ഞാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ പൂര്‍ണിയയില്‍ നടന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'എട്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു, രാജ്യത്തിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍എസ്എസിന് എന്താണോ ആവശ്യം അതാണ് ഇവിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അവരുടെ സ്വേച്ഛാധിപത്യം ഇവിടെ ജനാധിപത്യത്തെ കൊല്ലുകയാണ്'- ലാലു പ്രസാദ് യാദവ് പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സ്വയം, ഹിന്ദു എന്ന വിശേഷണമാണ് അവര്‍ പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. അപ്പോള്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ, എന്താണ് നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ചെയ്‌ത തെറ്റ്. എന്തുകൊണ്ടാണ് ബിജെപി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മില്‍ അകറ്റാന്‍ ശ്രമിക്കുന്നതെന്നും ആര്‍ജെഡി അധ്യക്ഷന്‍ ചോദിച്ചു.
ബിജെപി അജണ്ട നടപ്പിലാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. രാജ്യത്തെ രക്ഷിക്കാന്‍ ഐക്യത്തോടെ പോരാടണം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ആരും നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.