ന്യൂഡൽഹി: ലഖിംപൂര്‍ ഖേരി അക്രമത്തിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ചക്ക് ശ്രമിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഏഴംഗ കോൺഗ്രസ് പ്രതിനിധി സംഘത്തിന് കൂടിക്കാഴ്‌ചക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്‍റെ കത്ത്. എ.കെ ആന്‍റണി, മല്ലികാർജ്ജുൻ ഖാർഗെ, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ആദിർ രജ്ജൻ ചൗധരി എന്നിവർ ഉൾപ്പടെയുള്ള ഏഴ് പേർക്കാണ് കൂടിക്കാഴ്‌ചക്ക് അനുമതി ആവശ്യപ്പെട്ടത്.
ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ്
ലഖിംപൂര്‍ ഖേരി സംഭവത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തർ പ്രദേശ് പൊലീസ് കേസ് അന്വേഷണം ത്വരിതപ്പെടുത്തിയത്. കേസിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് ആവശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും തുടർന്ന് മൂന്ന് മിനിറ്റുകൾക്ക് ശേഷം നീക്കം ചെയ്യുകയുമായിരുന്നു. എന്നാൽ വാർത്ത ഏജൻസി എഎൻഐ പോസ്റ്റ് റീപോസ്റ്റ് ചെയ്‌തു.
ആശിഷ് മിശ്ര റിമാൻഡിൽ
ലഖിംപുർ ഖേരി അക്രമത്തിലെ പ്രതിയായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസമാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഉത്തർപ്രദേശ് ക്രൈംബ്രാഞ്ച് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വാരാണസിയിൽ കിസാൻ ന്യായ് റാലി
ലഖിംപുർ ഖേരി അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഞായറാഴ്‌ച വാരാണസിയിൽ 'കിസാൻ ന്യായ്' റാലി നടത്തും. 'ചലോ ബനാറസ്' എന്നതാകും പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്ന റാലിയുടെ മുദ്രാവാക്യം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ പുറത്താക്കുക, ലഖിംപുർ അക്രമത്തിന് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ ന്യായ് റാലി സംഘടിപ്പിക്കുന്നത്.
READ MORE: ലഖിംപുര്‍ ഖേരി കര്‍ഷക ഹത്യ : മന്ത്രിപുത്രൻ റിമാൻഡിൽ