ലഖ്‌നൗ : ലഖിംപുർ ഖേരിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനമോടിച്ചുകയറ്റി നാല് കർഷകർ അടക്കം എട്ട് പേർ കൊല്ലപ്പെടാനിടയായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര റിമാൻഡിൽ.
14 ദിവസത്തേക്കാണ് ആശിഷ് മിശ്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉത്തർപ്രദേശ് ക്രൈംബ്രാഞ്ച് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം ചോദ്യം ചെയ്യലിനോട് ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉപേന്ദ്ര അഗർവാൾ അറിയിച്ചു. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിനായി വെള്ളിയാഴ്‌ച ഹാജരാകാൻ നേരത്തേ നിർദേശം നൽകിയിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഇതെന്നാണ് അജയ് മിശ്ര അറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്‌ച ഹാജരാകാൻ പൊലീസ് മിശ്രയുടെ വീടിന് മുന്നില്‍ നോട്ടിസ് പതിപ്പിച്ചു.
ഇതോടെയാണ് ശനിയാഴ്‌ച ലഖിംപൂർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെയാണ് ഇദ്ദേഹം അകത്തുകടന്നത്. ഒക്‌ടോബർ മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
ലഖിംപുർ ഖേരിയിലെ ഹെലിപ്പാഡില്‍ പ്രതിഷേധിച്ച ശേഷം പിരിഞ്ഞുപോകുകയായിരുന്ന കർഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെയും സംഘത്തിന്‍റെയും മൂന്ന് വാഹനങ്ങള്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച പറയുന്നു.
പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ തിങ്കളാഴ്‌ച ഉത്തർപ്രദേശ് പൊലീസ് ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലൗകുഷ്, ആശിഷ് പാണ്ഡെ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.