ശ്രീനഗർ : തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ വധിച്ച് സൈന്യം. കുൽഗാമിലെ ദംഹൽ ഹൻജിപോറ മേഖലയിലെ സാംനോ ഗ്രാമത്തിൽ ഇന്നലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട തീവ്രവാദികൾ ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല (Five Militants have been killed in Kulgam encounter).
ഓപ്പറേഷനിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടുവെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും കുൽഗാം എസ്എസ്‌പി പറഞ്ഞു. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ വധിച്ചുവെന്ന് കശ്‌മീർ സോൺ പൊലീസും എക്‌സിൽ കുറിച്ചു. 'കുൽഗാം ഏറ്റുമുട്ടലിന്‍റെ രണ്ടാം ദിവസത്തിൽ അഞ്ച് ഭീകരരെ കുൽഗാം പൊലീസും സൈന്യവും സിആർപിഎഫും ചേർന്ന് വധിച്ചു. അവരിൽ നിന്ന് കുറ്റകരമായ ചില വസ്‌തുക്കൾ കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച ആരംഭിച്ച ഓപ്പറേഷൻ ഇപ്പോൾ അവസാന ഘട്ടത്തിലാണ്' - കശ്‌മീർ സോൺ പൊലീസ് എക്‌സിൽ കുറിച്ചു.
പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു.
തുടർന്ന് രാത്രിയോടെ ഓപ്പറേഷൻ താത്കാലികമായി നിർത്തിവച്ചു. ഇന്ന് പുലർച്ചെ വീണ്ടും തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ വെടിവയ്‌പ്പ് ഉണ്ടായി. ആർമിയുടെ 34 രാഷ്ട്രീയ റൈഫിൾസ് (Army's 34 Rashtriya Rifles), എലൈറ്റ് 9 പാരാ ഫോഴ്‌സ് (elite 9 para forces), ജമ്മു കശ്‌മീർ പൊലീസ് (Jammu and Kashmir Police), സിആർപിഎഫ് (CRPF) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.