ഹൈദരാബാദ്: ഗൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്‍റെ സ്‌മരണാർഥം അദ്ദേഹത്തിന്‍റെ പൂർണകായ പ്രതിമ ജന്മനാടായ സൂര്യപേട്ടിൽ സ്ഥാപിച്ചു. ഒൻപത് അടി നീളമുള്ള വെങ്കല പ്രതിമ തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷനും നഗരവികസന മന്ത്രിയുമായ കെ.ടി.രാമ റാവുവാണ് അനാച്ഛാദനം ചെയ്തത്.
സന്തോഷ് ബാബുവിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഉത്ഘാടന ചടങ്ങിൽ നൂറുകണക്കിനാളുകൾ വീര ജവാന് ആദരമർപ്പിക്കാൻ എത്തിയിരുന്നു.
ALSO READ: ഗൽവാൻ സംഘർഷം; ഇനിയും വ്യക്തതയില്ലെന്ന് സോണിയാഗാന്ധി
ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച സന്തോഷ് ബാബുവിന്‍റെ കുടുംബത്തിന് തെലങ്കാന സർക്കാർ അഞ്ച് കോടി രൂപ ധനസഹായം നൽകിയിരുന്നു. കൂടാതെ അദ്ദേഹത്തിന്‍റെ ഭാര്യക്ക് ജോലിയും വീട് വയ്ക്കാൻ സ്ഥലവും സർക്കാർ നൽകിയിരുന്നു. ആക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സർക്കാർ നൽകിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 15-നാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്. ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിങ് ഓഫീസറായ സന്തോഷ് ബാബു ഉൾപ്പടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ചൈനീസ് സൈനികരും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു ഇത്.