ബെംഗളൂരു: തെരുവുനായ്‌ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് നീക്കേണ്ടതില്ലെന്ന പുതിയ തീരുമാനവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ്. തെരുവുനായ്‌ക്കളെ നീക്കം ചെയ്യരുതെന്ന നഗരവാസികളുടെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ തീരുമാനം. ബെംഗളൂരുവില്‍ തെരുവുനായ്‌ക്കള്‍ തുടരുമെന്ന മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്‍ ഉത്തരവിനെ ശരി വയ്‌ക്കുന്ന തരത്തിലാണ് പുതിയ തീരുമാനം.
ഏതാനും നഗരവാസികളുടെ പരാതിയെ തുടര്‍ന്ന് നായ്‌ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ നിരവധി ആളുകളാണ് നായ്‌ക്കളെ നീക്കരുതെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. ബിബിഎംപിയുടെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം തെരുവില്‍ അവശേഷിക്കുന്ന നായ്‌ക്കള്‍ക്ക് വന്ധ്യതയ്‌ക്കും പേവിഷബാധയ്‌ക്ക് എതിരായും കുത്തിവയ്‌പ്പുകള്‍ നല്‍കാന്‍ തീരുമാനമായെന്ന് മന്ത്രി പ്രഭു ബി ചൗഹാന്‍ പറഞ്ഞു.
തെരുവുനായ്‌ക്കളുടെ വന്ധ്യത പ്രധാന്യം ചൂണ്ടികാട്ടി എല്ലാ ദിവസവും 400 നായ്‌ക്കള്‍ക്ക് കുത്തിവയ്‌പ്പ് നല്‍കാന്‍ ബിബിഎംപിയും മൃഗസംരക്ഷണ വകുപ്പും തീരുമാനിച്ചു. ഇവയ്‌ക്കെല്ലാം ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.