നീലഗിരി: ഏത് ചൂടിനെയും ഇളം തണുപ്പിനാല്‍ അലിയിക്കുന്ന സുന്ദരഭൂമി. തണുപ്പു തേടിയിറങ്ങിയ ബ്രിട്ടീഷുകാർ കണ്ടെത്തിയ കോട മഞ്ഞ് നിറഞ്ഞ മലനിരകൾ. ഇത് നീലക്കുറിഞ്ഞി പൂക്കുന്ന കൊടൈക്കനാല്‍. അവധിക്കാലം ആസ്വദിക്കാനെത്തുന്നവർക്ക് സുന്ദര കാഴ്‌ചകളും ഇളം തണുപ്പ് നിറയുന്ന അനുഭവങ്ങളും സമ്മാനിക്കാൻ നൂറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ യൂറോപ്പില്‍ നിന്നെത്തിച്ച പുഷ്‌പങ്ങളും ഫലവൃക്ഷങ്ങളും. സബർജെല്ലി, പ്ലം, ഇന്ത്യൻ പെയർ, ആപ്രിക്കോട്ട് തുടങ്ങിയ ഫല വൃക്ഷങ്ങൾ വഴിയരികിലെവിടെയും കാണാം.
ഔദ്യോഗിക രേഖകൾ പ്രകാരം 1845 ലാണ് ബ്രിട്ടീഷുകാർ കൊടൈക്കനാലിലെത്തുന്നത്. കോടമഞ്ഞ് മൂടുന്ന പില്ലർ റോക്‌സും പൈൻ കാടുകളും ആത്മഹത്യാമുനമ്പും ബോട്ട് ക്ലബും ഗുണ ഗുഹയും ചെറു വെള്ളച്ചാട്ടങ്ങളുമെല്ലാം ചേരുന്ന കാഴ്‌ചയുടെ മനോഹര ലോകമാണ് കൊടൈക്കനാല്‍. ലഹരി പൂക്കുന്ന കുന്നുകൾ എന്നറിയപ്പെടുന്ന കൊടൈക്കനാലില്‍ മാജിക് മഷ്‌റൂം അടക്കമുള്ള ലഹരി പദാർഥങ്ങളും വിളയുന്നുണ്ട്.
ഏത് സമയവും എവിടെയും കാണുന്ന കൂറ്റൻ കാട്ടുപോത്തുകളും കോടമഞ്ഞിന്‍റെ നാട്ടിലെ പ്രത്യേകതയാണ്. അതിനെല്ലാമപ്പുറം ഇന്ത്യയിലെയും വിദേശത്തെയും സിനിമ താരങ്ങൾ അടക്കമുള്ള പ്രമുഖർക്ക് സ്വന്തമായി തോട്ടങ്ങളും കോട്ടേജുകളുമുള്ള മലയോര ഭൂമി. ടൂറിസമാണ് കൊടൈക്കനാലിന്‍റെ പ്രധാന വരുമാന മാർഗം. മെയ് 26 ന് 177-ാം പിറന്നാൾ ആഘോഷിച്ച കൊടൈക്കനാല്‍ മലയാളിക്കും ഏറെ പ്രിയങ്കരമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
എങ്ങനെ എത്താം: കോയമ്പത്തൂർ ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാർഗമാണ് കൊടൈക്കനാലിലെത്താൻ കഴിയുക. ഡിണ്ടിഗലില്‍ നിന്ന് നേരിട്ട് വത്തലഗുണ്ട് എത്തി കൊടൈക്കനാലിലെത്താം. കോയമ്പത്തൂരില്‍ നിന്ന് പഴനി വഴി വത്തലഗുണ്ട് എത്തി കൊടൈക്കനാലിലേക്ക് പോകാം.
യാത്ര പകലാണെങ്കില്‍ മനോഹര കാഴ്‌ചകൾ വഴിയോരത്ത് കാത്തിരിക്കുന്നുണ്ട്. രാത്രിയില്‍ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ചുരത്തില്‍ ഉണ്ടാകാറുണ്ട്. പഴനിയില്‍ നിന്ന് അടക്കം കൊടൈക്കനാലിലേക്ക് കാട്ടുവഴികൾ ഉണ്ടെങ്കിലും യാത്ര സുരക്ഷിതമാക്കാൻ അത്തരം വഴികൾ തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.