ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത' (King of Kotha) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഈ വേളയില്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'കൊത്ത രാജ' (Kotha Raja) എന്ന ഗാനമാണ് റിലീസായത്.
ഹിപ്ഹോപ് ഗായകന്‍ ഡബ്‌സീ (Dabzee) ആണ് ഈ റാപ്പ് ഗാനം ആലപിച്ചിരിക്കുന്നത്. അസല്‍ കൊലാര്‍ (Asal Kolaar), ഡബ്‌സീ, റോള്‍ റിദ (Roll Rida) എന്നിവര്‍ പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഗാനത്തിലുള്ളത്. മലയാളം റാപ്പ് വരികള്‍ക്ക് ഡബ്‌സീയും തമിഴ് റാപ്പ് വരികള്‍ക്ക് അസല്‍ കൊലാറും തെലുഗു റാപ്പ് വരികള്‍ക്ക് റോള്‍ റിദയുമാണ് ശബ്‌ദം നല്‍കിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ ഗാനരചനയില്‍ ജേക്‌സ് ബിജോയ് ആണ് കൊത്ത രാജയ്‌ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് (King of Kotha song - Kotha Raja).
ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അതുകൊണ്ടുതന്നെ ആരാധകരും പ്രേക്ഷകരും ദുല്‍ഖര്‍ ചിത്രത്തെ ആവേശപൂര്‍വം വരവേറ്റു. പ്രേക്ഷകര്‍ക്ക് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നടന്‍ നന്ദി രേഖപ്പെടുത്തിയിരുന്നു.
വികാരനിര്‍ഭരമായ കുറിപ്പുമായി ഫേസ്‌ബുക്കില്‍ എത്തുകയായിരുന്നു താരം. സ്വപ്‌നം കണ്ടതിലും അധികം സ്‌നേഹം തനിക്ക് പ്രേക്ഷകര്‍ നല്‍കിയെന്നും വീണുപോയ അവസരങ്ങളില്‍ തന്നെ പിടിച്ചുയര്‍ത്തിയത് പ്രേക്ഷകര്‍ ആണെന്നുമാണ് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
'സ്‌നേഹം! എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും അധികമുള്ള സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ ഉണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരുമാണ്. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി. അത് എന്നെ വിനയാന്വിതനാക്കി. ഒപ്പം കഠിനമായി ശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ വാനോളം ഉയര്‍ത്തുന്നതാണ്.
ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ഇത്ര അധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഓരോ സിനിമയും, ഓരോ സെറ്റിലെയും ഓരോ ദിവസവും പഠനാനുഭവമാണ്!. നിങ്ങളെ രസിപ്പിക്കാന്‍ അവസരം നല്‍കിയ ഓരോരുത്തര്‍ക്കും എന്‍റെ വലിയ ആലിംഗനം. ഓണത്തിന്‍റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഞാന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു' - ദുല്‍ഖര്‍ കുറിച്ചു.
കിംഗ് ഓഫ് കൊത്ത കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍റെ മറ്റൊരു പുതിയ റിലീസാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് സീരീസാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്'. 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'നും മികച്ച പ്രതികരണമാണ് ഒടിടി പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.