മുംബൈ : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ (farmers protest) മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് (kin of died farmers) പിഎം കെയര്‍ ഫണ്ടില്‍ (PM care fund) നിന്ന് ധനസഹായം (compensation for died farmers) നല്‍കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് (Shiv Sena MP Sanjay Raut). പ്രതിഷേധത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട കർഷകരുടെ ബന്ധുക്കൾക്ക് ധനസഹായം നല്‍കണമെന്ന ആവശ്യം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു.
പിഎം കെയര്‍ ഫണ്ടിൽ കണക്കിൽപ്പെടാത്ത പണം കിടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച റാവത്ത് ഈ ഫണ്ട്, മരിച്ച കർഷകരുടെ ബന്ധുക്കൾക്ക് നല്‍കാന്‍ ഉപയോഗിക്കണമെന്ന് പറഞ്ഞു. 'കർഷകരോട് മാപ്പ് പറഞ്ഞാൽ മാത്രം പോരാ, അവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും വേണം,' പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട് റാവത്ത് പറഞ്ഞു.
Also read: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും
ഒരു വർഷം നീണ്ടുനിന്ന കര്‍ഷക പ്രതിഷേധത്തിനിടെ 700 ലധികം കർഷകരാണ് മരിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്യുകയും മറ്റ് ചിലര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്‌തു. ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കാറിടിച്ച് കൊന്നു. ഇവരെല്ലാം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.