ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് നാല് കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എന്‍.എച്ച്.ആര്‍.സി). ഇതുസംബന്ധിച്ച് എന്‍.എച്ച്.ആര്‍.സി, മഹാരാഷ്‌ട്ര സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശരീരത്തിന് രക്തം ഉത്‌പാദിപ്പിക്കാന്‍ കഴിവില്ലാത്ത അവസ്ഥയായ തലാസിമിയ ബാധിച്ച കുട്ടികള്‍ക്കാണ് രക്തം കുത്തിവച്ചിരുന്നത്.
ഈ കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വീഴ്‌ച കണ്ടെത്തിയാല്‍ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി ആറാഴ്‌ചക്കകം വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കണം. മഹാരാഷ്ട്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍, എന്‍.എച്ച്.ആര്‍.സി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തി ക്രിമിനൽ നടപടികൾ ആരംഭിച്ച് ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഭക്ഷ്യ - മരുന്ന് വകുപ്പ് സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തിയാൽ അവർക്കെതിരെ എടുത്ത നടപടി, സ്വീകരിക്കാന്‍ തീരുമാനിച്ച നടപടി എന്നിവ സംബന്ധിച്ച വിവരം വിശദീകരണത്തില്‍ ഉൾപ്പെടുത്തണം. മരിച്ച കുട്ടിയുടെ അടുത്ത ബന്ധുക്കൾക്ക് എന്തെങ്കിലും ഇടക്കാല നഷ്‌ടപരിഹാരമോ മറ്റോ നൽകിയോ എന്ന വിവരവും നല്‍കണം. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികൾക്കായി സംസ്ഥാനം ആരംഭിച്ച ചികിത്സയെക്കുറിച്ചും വിശദമാക്കണമെന്ന് എന്‍.എച്ച്.ആര്‍.സി കത്തിലൂടെ നിര്‍ദേശിച്ചു.