മോഗ (പഞ്ചാബ്) : വാരിസ് പഞ്ചാബ് ദേ സംഘടനയുടെ ഒന്നാം വാർഷികാഘോഷത്തിൽ സംഘടനയുടെ നേതാവായി ചുമതലയേറ്റ് ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്. ഗുരുദ്വാര ഖൽസ സാഹേബ് റോഡിൽ നടന്ന ചടങ്ങിൽ പ്രവര്‍ത്തകര്‍ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി. നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദുവിന്‍റെ മരണത്തെ തുടർന്നാണ് സംഘടനയുടെ നേതാവായി അമൃത്പാൽ സിങ് ചുമതലയേറ്റത്.
എന്നാൽ അമൃത്പാൽ സിങ്, പ്രക്ഷോഭത്തിന് ഖാലിസ്ഥാൻ അനുകൂലികളെ പ്രേരിപ്പിക്കുന്നുവെന്ന് വിവിധ ഏജൻസികൾ പറയുന്നു. അതിനാൽ അദ്ദേഹത്തെ വാരിസ് പഞ്ചാബ് ദേ നേതാവാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
അമൃത്പാലിനെ നേതാവാക്കിയതിൽ സന്തോഷമുണ്ടെന്ന് എംപി സിമ്രാൻജിത് സിങ് മാൻ പറഞ്ഞു. യുവജനങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കുന്നതിനാലാണ് സർക്കാർ അദ്ദേഹം നേതാവായി വരുന്നതിൽ പരിഭ്രാന്തരാകുന്നത്. തീരുമാനത്തോട് പല കർഷക സംഘടനകൾക്കും എതിർപ്പാണെന്നും സിമ്രാൻജിത് സിങ് മാൻ പറഞ്ഞു.
അമൃത്പാലിന് ദേശവിരുദ്ധ ഏജൻസികളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും ഇതെല്ലാം സംബന്ധിച്ച് സർക്കാർ അന്വേഷിക്കുകയാണെന്നും ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പ്രസിഡന്‍റ് ഹർജീന്ദർ സിങ് ധാമി പ്രതികരിച്ചു.
അന്തരിച്ച പഞ്ചാബി നടൻ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബി ദേ എന്ന സംഘടന രൂപീകരിക്കുന്നത്. എംപി സിമ്രാൻജിത് സിങ്ങിനെ അന്ന് ദീപ് സിദ്ദു പരസ്യമായി പിന്തുണച്ചിരുന്നു.