തുംകൂർ: കർണാടകയിലെ തുംകൂർ ജില്ലയില്‍ കേരളത്തില്‍ നിന്നുള്ള 15 നഴ്‌സിങ് വിദ്യാർഥികൾക്ക് കൊവിഡ്. തുംകൂർ ജില്ലയിലെ രണ്ട് നഴ്‌സിങ് കോളജിലെ വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നവംബർ 21ന് കേരളത്തില്‍ നിന്ന് തുംകൂറിലെത്തിയവരാണ്.
നവംബർ 29നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ നിലവില്‍ ക്വാറന്‍റൈനിലാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി ബംഗളൂരുവിലെ ലാബിലേക്ക് അയച്ചതായി തുംകൂർ ജില്ല കലക്‌ടർ വൈഎസ് പാട്ടീല്‍ അറിയിച്ചു.
ജില്ലയിലെ 18 വയസിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും വാക്‌സിൻ എടുത്തിരിക്കണമെന്നും ക്ലാസില്‍ ഹാജരാകുന്നതിന് ഒരു ഡോസ് വാക്‌സിനേഷൻ നിർബന്ധമാണെന്നും എല്ലാ കോളജുകളും ഈ നിർദ്ദേശം പാലിക്കേണ്ടതാണെന്നും കലക്‌ടർ അറിയിച്ചു.
മൈസൂരിലെ രണ്ട് സ്വകാര്യ നഴ്‌സിങ് കോളജുകളിലെ അൻപതോളം വിദ്യാർഥികൾക്ക് നവംബർ 27ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരുന്നതായും ഇവർക്ക് രോഗ ലക്ഷണങ്ങളില്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
read more: പൊലീസിന്‍റെ "തുണ" ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം