പന്ന(മധ്യപ്രദേശ്) : മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും പഠനയാത്രയായി മധ്യപ്രദേശിലെ സാഗർ സർവകലാശാലയിലേക്ക് വന്ന വിദ്യാര്‍ഥികളാണ് ഇവര്‍. പന്ന ജില്ലയിലെ റായ്‌പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വേദനാജനകമായ അപകടം നടന്നത്.
പരിശീലനം കഴിഞ്ഞ് മടങ്ങവെ ബസ് കട്‌നി-പന്ന അതിര്‍ത്തിയില്‍ വച്ച് മറിയുകയായിരുന്നു. 35 വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ കട്‌നി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പന്ന ജില്ലയുടെയും ആയുഷ് മന്ത്രാലയത്തിൻ്റെയും ചുമതലയുള്ള മന്ത്രി രാംകിഷോർ നാനോ കാവ്രെ കട്‌നിയിലെ ആശുപത്രിയിലെത്തി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള നിർദേശം നൽകി.
രണ്ട് വിദ്യാർഥികൾക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കട്‌നി ജില്ല ആശുപത്രിയിൽ നിന്ന് ജബൽപൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. സിറ്റി പൊലീസ് സൂപ്രണ്ട് വിജയ് പ്രതാപ് സിംഗ്, എസ്ഡിഎം പ്രിയ ചന്ദ്രവത്, കോട്വാലി സ്റ്റേഷൻ ഇൻചാർജ് അജയ് സിങ്, തഹസിൽദാർ സന്ദീപ് ശ്രീവാസ്‌തവ എന്നിവരോടൊപ്പം വൻ പൊലീസ് സേനയും ജില്ല ആശുപത്രിയിലെത്തി.