ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകളുടെ ഉത്‌പാദനം നടത്താന്‍ മറ്റ് കമ്പനികളെയും അനുവദിക്കണമെന്ന അഭ്യര്‍ഥനമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് രാജ്യത്ത് നിലവില്‍ ഉത്പാദനം നടത്തുന്ന രണ്ട് വാക്‌സിനുകളുടേയും ഉത്‌പാദനം നടത്താന്‍ മറ്റ് കമ്പനികളേയും അനുവദിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ പേറ്റന്‍റ് ലോ ഉപയോഗിച്ച് വാക്‌സിന്‍ ഉത്‌പാദനത്തിന്‍റെ കുത്തകാവകാശം ഇതിലൂടെ ഇല്ലാതാക്കാനാകുമെന്നും കെജ്‌രിവാള്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.
"കൊവിഡിന്‍റെ രണ്ടാം തരംഗം വിനാശകാരമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. വലിയൊരു വിഭാഗം ജനങ്ങളും വൈറസ് ബാധിച്ച് മരണപ്പെടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എത്തിക്കുക എന്നത് പ്രധാനമാണ്. നിലവില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. രണ്ട് കമ്പനികളുടെ അടിസ്ഥാനത്തില്‍ മാത്രം രാജ്യത്തൊട്ടാകെ വാക്‌സിനേഷന്‍ നടപ്പിലാക്കുക സാധ്യമല്ല. " അതിനാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ വാക്‌സിന്‍ നിര്‍മിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Read more: യുകെയിലേക്ക് വാക്സിൻ ഉടനില്ല
കൃത്യമായും സുരക്ഷിതമായും വാക്‌സിന്‍റെ നിര്‍മാണം നടത്താന്‍ കഴിയുന്ന രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും കൊവാക്‌സിന്‍റേയും കൊവിഷീല്‍ഡിന്‍റേയും ഫോര്‍മുല കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. ആവശ്യമെങ്കില്‍ നിലവില്‍ ഉത്പാദനം നടത്തുന്ന രണ്ട് കമ്പനികള്‍ക്കും റോയല്‍റ്റി നല്‍കാം. രാജ്യത്തെ പേറ്റന്‍റ് ലോ ഉപയോഗിച്ച് കൊവിഡ് നിര്‍മാണത്തിന്‍റെ കുത്തക സര്‍ക്കാരിന് ഇതിലൂടെ അവസാനിപ്പിക്കാനാകുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. കൊവിഡിന്‍റെ മൂന്നാം തരംഗം വരുന്നതിന് മുന്‍പേ രാജ്യത്തിന് സുരക്ഷാ കവചമൊരുക്കാന്‍ ഇതിലൂടെ സാധിക്കും. ഒപ്പം നിരപരാധികളായ ഒരുപാടാളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more : വാക്സിന്‍ നിര്‍മാണം വര്‍ധിപ്പിക്കണം ; ഫോര്‍മുല പങ്ക് വെയ്ക്കണമെന്ന് കെജ്‌രിവാള്‍