ശ്രീനഗര്‍: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന കശ്‌മീരിലെത്തി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നേടി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഗുജറാത്ത് സ്വദേശി കിരണ്‍ പട്ടേല്‍ റിമാന്‍ഡില്‍. ജമ്മുകശ്‌മീര്‍ കോടതി 15 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്‌തത്. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിലെ അഡിഷണല്‍ ഡയറക്‌ടറെന്ന വ്യാജേന ഇയാള്‍ കശ്‌മീരിലെത്തി ഉന്നത അധികാരികളുമായി ചര്‍ച്ച നടത്തിയത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരായ പട്ടേലിനെ 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ റയ്യാന്‍ അഹമ്മദ് പറഞ്ഞു.
കേസിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ കിരണ്‍ പട്ടേലിനെ പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണെന്നും വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസന്വേഷണത്തിന്‍റെ ഭാഗമായി നിരവധി പേരെ അന്വേഷണത്തിന് വിധേയരാക്കിയിട്ടുണ്ട്.
കേസ് അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പങ്കിടുമെന്നും പൊലീസ് അറിയിച്ചു. വഞ്ചനാക്കുറ്റത്തിന് ഇയാള്‍ക്കെതിരെ ഗുജറാത്തിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഇയാള്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയതിന് ഭരണകൂടം ഉദ്യോഗസ്ഥരെ ശാസിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.
വ്യാജന്‍റെ കശ്‌മീര്‍ സന്ദര്‍ശന വിശേഷം: കശ്‌മീരിലെ വിവിധയിടങ്ങളില്‍ പൊലീസിന്‍റെ സംരക്ഷണത്തില്‍ ചുറ്റികറങ്ങുകയായിരുന്നു കിരണ്‍ പട്ടേല്‍. തുടര്‍ന്ന് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ടുള്ള പട്ടേല്‍ കശ്‌മീരിലെ ഗുൽമാർഗ്, ദൂധ്പത്രി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിന്‍റെ വീഡിയോകളും ചിത്രങ്ങളും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. കശ്‌മീരിലെ പ്രസിദ്ധയിടമായ ലാൽചൗക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇയാള്‍ നില്‍ക്കുന്നതും പൊലീസും സിആർപിഎഫും ഇയാള്‍ക്ക് കാവൽ നിൽക്കുന്നതുമായ ചിത്രങ്ങളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു.
കശ്‌മീരിലെ രണ്ട് ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി ഇയാള്‍ കൂടിക്കാഴ്‌ച നടത്തിയതായും വൃത്തങ്ങള്‍ അറിയിച്ചു. വിർജീനിയയിലെ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്‌ഡിയും ഐഐഎം ട്രിച്ചിയിൽ നിന്ന് എംബിഎയും കമ്പ്യൂട്ടർ സയൻസിൽ എം ടെക്കും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിഇയും ഉണ്ടെന്ന് പട്ടേൽ തന്‍റെ ട്വിറ്റർ ബയോയിൽ പറയുന്നു.
ഈ വര്‍ഷം ആദ്യമാണ് കിരണ്‍ പട്ടേല്‍ കശ്‌മീര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ ഈ സന്ദര്‍ശനത്തിന് ശേഷം ഇയാള്‍ വീണ്ടും കശ്‌മീര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇയാളെ കുറിച്ച് സംശയം ഉയര്‍ന്നത്. പട്ടേല്‍ അറസ്റ്റിലായ വാര്‍ത്ത പുറത്ത് വരുന്നതിന്‍റെ 10 ദിവസം മുമ്പ് ഇയാള്‍ പിടിയിലായിട്ടുണ്ട്.
കശ്‌മീര്‍ പൊലീസിന്‍റെയും പാരാമിലിട്ടറി ഫോഴ്‌സിന്‍റെയും അകമ്പടിയോടെ ഇയാള്‍ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍റെ കശ്‌മീര്‍ സന്ദര്‍ശനത്തെ കുറിച്ച് ഐഎസുകാരനായ ജില്ല ജഡ്‌ജി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇയാള്‍ക്കെതിരെയുള്ള കേസിന് വഴിത്തിരിവായത്.
പൊലീസ് ഇന്‍റലിജന്‍സ് വിഷയത്തില്‍ അന്വേഷണം നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്ത് ഇത്തരത്തിലൊരു സുരക്ഷ വീഴ്‌ചയുണ്ടായ സാഹചര്യത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഇയാള്‍ ഗുജറാത്ത് സ്വദേശിയായത് കൊണ്ട് തന്നെ ഗുജറാത്ത് പൊലീസിന്‍റെ കൂടി സഹകരണത്തോടെയാകും അന്വേഷണം നടത്തുക.