ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ആരംഭിച്ച ജി20 ഉച്ചകോടി തുടങ്ങിയത് 'സാമ്പത്തിക വളർച്ചയ്ക്കും സാംസ്കാരിക സംരക്ഷണത്തിനും ഫിലിം ടൂറിസം' എന്ന വിഷയത്തിലുള്ള സൈഡ് ഷോയോടെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ശ്രദ്ധേയമായതും ഈ കശ്‌മീര്‍ അനുഭവങ്ങള്‍ തന്നെയായിരുന്നു. ജി20 ഉച്ചകോടിയുടെ ഷെര്‍പ്പയും നീതി ആയോഗിന്‍റെ സിഇഒ കൂടിയായ അമിതാഭ് കാന്ത് പ്രതിനിധികള്‍ക്ക് മുന്നില്‍ കശ്മീരിലെ തങ്ങളുടെ ഓർമ്മകൾ ഓരോന്നും വിവരിച്ചു.
ഭൂമിയിലെ സ്വര്‍ഗത്തെ വിവരിച്ച്: കശ്‌മീര്‍ രംഗങ്ങളില്ലാത്ത ബോളിവുഡ് സിനിമ അപൂര്‍ണമാണെന്നായിരുന്നു അമിതാഭ് കാന്തിന്‍റെ വിവരണത്തില്‍ ആദ്യം കടന്നുവന്നത്. ഞാന്‍ കശ്‌മീര്‍ സന്ദര്‍ശിക്കുകയും കശ്‌മീരില്‍ വച്ചുള്ള പഹല്‍ഗാം എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് സാക്ഷിയുമായി. ആ ദിവസങ്ങള്‍ സുവര്‍ണദിനങ്ങളായിരുന്നുവെന്ന് അമിതാഭ് കാന്ത് പറഞ്ഞു. കാശ്മീരിൽ ചലച്ചിത്രനിർമ്മാണത്തിന് വളരെയധികം സാധ്യതകളുണ്ടെന്നും 300ലധികം സിനിമകൾക്ക് കശ്മീരിൽ ചിത്രീകരിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകൾ ചിത്രീകരിക്കുന്നതിന് കശ്മീരിനേക്കാൾ മികച്ചൊരു സ്ഥലം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രങ്ങളുടെ സ്വന്തം കശ്‌മീര്‍: ജമ്മു കശ്മീരിൽ നിന്നുള്ള അഭിനേതാക്കളും സംവിധായകരും ബോളിവുഡിന് എത്രമാത്രം സംഭാവന നൽകിയെന്നറിയിച്ചായിരുന്നു ഇന്ത്യൻ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്ങിന്‍റെ വിവരണം. കെ.എൽ സഹ്ഗൽ, ജീവൻ, ഓംപരാക്ഷ്, രാജ് കുമാർ, രാമാനന്ദ് സാഗർ എന്നിവർ കാശ്മീരിലെ ചലച്ചിത്ര നിർമാണത്തിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവർ ഇന്ത്യൻ സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയെന്നും അദ്ദേഹം ചരിത്രം പൊടിതട്ടിയെടുത്തു. അതേസമയം തന്‍റെ കോളജ് പഠനകാലത്തെക്കുറിച്ച് വാചാലനാകാനും ഡോ.ജിതേന്ദ്ര സിങ് മറന്നില്ല.
സിനിമ നിർമാണം വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയും നൽകുന്നുണ്ട്. അതിന് ഒരുപാട് സാധ്യതകളുമുണ്ട്. നേരത്തെ പാകിസ്ഥാനിൽ നിന്ന് ഇതിന് വിലക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോൾ അതൊന്നും ഏശുന്നില്ലെന്നും ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. ഈ ദുരിതകാലഘട്ടത്തിൽ നമുക്ക് രണ്ട് തലമുറകളെ നഷ്ടപ്പെട്ടുവെന്നും നിലവില്‍ സാഹചര്യം മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് നമ്മള്‍ സാധാരണക്കാരോടാണ് കടപ്പെട്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അനന്തസാധ്യതകളുടെ പറുദീസ : ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മനോഹരവുമായ നഗരമാണ് ശ്രീനഗർ. അതിന്‍റെ അതുല്യമായ സൗന്ദര്യം വർഷങ്ങളായി ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലുടനീളം ഫിലിം ടൂറിസം പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡി.കെ റെഡ്ഡിയും മനസുതുറന്നു. വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി ഞങ്ങൾ ഒരു സമഗ്ര പദ്ധതി ആവിഷ്കരിക്കുകയാണ്.
ആർആർആർ ചിത്രത്തിലെ നാട്ടു നാട്ടുവും ദ എലിഫന്‍റ് വിസ്‌പറേഴ്‌സും ഇത്തവണത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ നേടി. വ്യത്യസ്‌ത സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കൈമാറുന്നതാണ് സിനിമകളുടെ കഴിവെന്നും മികച്ചവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ നൽകാനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഫിലിം ടൂറിസം എന്നത് വെള്ളിത്തിരയിൽ മാത്രമല്ലെന്നും നമ്മുടെ സംസ്കാരത്തെയും പ്രാദേശിക കഴിവുകളെയും പ്രോത്സാഹിപ്പിക്കുക കൂടിയാണെന്നും പറഞ്ഞ അദ്ദേഹം ഇത് തങ്ങളുടെ അജണ്ട കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു.