ബെംഗളൂരു: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ഇന്ന്(ജൂലൈ 3) നിര്‍ണായക യോഗം. അണ്‍ലോക്ക് 3.0 ജൂലൈ 5ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണിത്. കൊവിഡ് ചുമതലയുള്ള മന്ത്രിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഏതൊക്കെ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന വിഷയത്തിലാണ് ചര്‍ച്ച. വൈകിട്ട് 5.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് യോഗം നടത്തുന്നത്. ആരാധനലായങ്ങള്‍, മാളുകള്‍, ജിമ്മുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവ തുറക്കുന്നതില്‍ തീരുമാനമുണ്ടായേക്കും. രാത്രികാല കര്‍ഫ്യു സമയം മാറ്റുന്നതിലും ആലോചനയുണ്ട്. വ്യാപാര സമയം വൈകിട്ട് 5 വരെ എന്നതില്‍ നിന്ന് 7 വരെയാക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
5 ശതമാനത്തില്‍ താഴെ ടിപിആര്‍ ഉള്ള ജില്ലകളില്‍ എല്ലാ കടകളും ഹോട്ടലുകളും ക്ലബ്ബുകളും വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,984 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കും