ബെംഗളുരു: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കൂടുതൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌ത സംസ്ഥാനങ്ങളിൽ ആദ്യ അഞ്ചിൽ ഇടംനേടി കർണാടകയും. സംസ്ഥാനത്ത് 26.92 ലക്ഷം ഡോസുകളാണ് ഇന്നലെ വിതരണം ചെയ്‌തതെന്ന് ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായവർക്കും മന്ത്രി നന്ദി അറിയിച്ചു.
ജനസംഖ്യയിൽ കർണാടകയേക്കാൾ മുന്നിൽ നിൽക്കുന്ന ഉത്തർപ്രദേശിനെയും ബിഹാറിനെയും മറികടന്നാണ് കർണാടക നേട്ടം കൈവരിച്ചത്. കൊവിഡിനെതിരെയുള്ള പോരാട്ടം പ്രധാനമന്ത്രി മുന്നിൽ നിന്നുകൊണ്ടാണ് നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബ്രുഹത് ബെംഗളുരു മഹാനഗര പാലികെ മേഖലയിൽ 3.98 ലക്ഷം വാക്‌സിനാണ് വിതരണം ചെയ്‌തത്. ബെലഗാവിയിൽ 2.39 ലക്ഷം ഡോസും ദക്ഷിണ കന്നഡ, ബല്ലാരി മേഖലകളിൽ 1.33 ലക്ഷം ഡോസുകളും വിതരണം ചെയ്‌തു. ഇതോടെ സെപ്‌റ്റംബറിൽ വിതരണം ചെയ്‌ത കൊവിഡ് വാക്‌സിനുകൾ 87 ലക്ഷം പിന്നിട്ടു. ഈ മാസത്തെ കൊവിഡ് വാക്‌സിനേഷൻ 1.5 കോടി പിന്നിടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡിനെതിരെ വാക്‌സിനേഷൻ എടുക്കാൻ കഴിയുന്ന ജനവിഭാഗത്തിൽ നിന്ന് 75 ശതമാനം ആദ്യ ഡോസും 24 ശതമാനം രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.
READ MORE: ലോക റെക്കോഡ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി പേർക്ക് വാക്‌സിനേഷൻ