ബെംഗളൂരു: പൊലീസ് നടപടികള്‍ പക്ഷപാതപരമാണെന്ന് സെക്സ് വീഡിയോ കേസിലെ പരാതിക്കാരി. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക വീഡിയോ കേസിലെ പരാതിക്കാരിയുടേതാണ് വെളിപ്പെടുത്തല്‍. പൊലീസ് തന്നെ പലതവണ ചോദ്യം ചെയ്തു.എന്നാല്‍ പ്രതി രമേശ് ജാർക്കിഹോളിയെ വെറും മൂന്ന് മണിക്കൂർ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും പരാതിക്കാരി ബെംഗളൂരു പൊലീസ് കമ്മിഷണർ കമൽ പന്തിന് അയച്ച കത്തിൽ വ്യക്തമാക്കി.
പൊലീസിന്‍റെ അന്വേഷണപ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍, താൻ ഇരയാണോ പ്രതിയാണോ എന്ന് തനിക്ക് തന്നെ സംശയമുണ്ടായെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിൽ പരാമര്‍ശിക്കുന്നു. മൂന്ന് മണിക്കൂറോളം മാത്രമാണ് എസ്‌ഐടി രമേശ് ജാർക്കിഹോളിയെ ചോദ്യം ചെയ്തത്. യാതൊരു നിയന്ത്രണവുമില്ലാതെ അദ്ദേഹത്തെ യാത്രകൾ ചെയ്യാൻ അനുവദിച്ചുവെന്നും അതേസമയം ഒരു ഇടവേളകളും കൂടാതെ തന്നെ നിരന്തരമായ ചോദ്യം ചെയ്യലിന് വിധേയയാക്കിയെന്നും പരാതിയിലുണ്ട്.
രമേശ് ജാർക്കിഹോളിയുടെ പരാതിയിൽ തന്‍റെ പേര് ഇല്ലാതിരുന്നിട്ടും താമസിക്കുന്ന സ്ഥലത്ത് പൊലീസ് റെയ്‌ഡ് നടത്തി. സർക്കാരിന്‍റെ സമ്മർദത്തെത്തുടർന്ന് തന്നെ പ്രതിയാക്കാനായി എല്ലാ തെളിവുകളും നശിപ്പിച്ചുവെന്നും യുവതി കത്തിൽ ആരോപിക്കുന്നു.
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന എസ്‌ഐടി സ്വതന്ത്രമായി പ്രവർത്തിക്കണമെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സർക്കാരിന് സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ എസ്‌ഐടി വസ്‌തുതകൾ പുറത്തുകൊണ്ടുവരില്ലെന്നും അദ്ദേഹം ആരോപിച്ചു.