ബെംഗളൂരു: കൊവിഡ് ബാധിതരുെട എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ (ഐ.ഐ.എസ്.സി) നിർദേശം തേടി കർണാടക. കർണാടക ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ ഐ.ഐ.എസ്.സി ഡയറക്ടർ പ്രൊഫ.ഗോവിന്ദൻ രംഗരാജനുമായി ചർച്ച നടത്തി. കൂടുതൽ കാര്യക്ഷമമായ ഓക്സിജൻ കോൺസൺട്രേറ്ററുകൾ രൂപകൽപ്പന ചെയ്യുന്നതിനെ പറ്റിയും ഐ.ഐ.എസ്.സിയിലെ ശാസ്ത്രജ്ഞർ നടത്തുന്ന വിവിധ ഗവേഷണങ്ങളെക്കുറിച്ചും 30 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന കൊവിഡ് വാക്സിനുകളെക്കുറിച്ചും ഗോവിന്ദൻ രംഗരാജൻ മന്ത്രിയെ അറിയിച്ചു.
Also Read: കൊവാക്സിൻ ലഭ്യമല്ല; രാജ്യതലസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ട നിലയിൽ
ഐഎൽഎസ്‌സി 10 എൽപിഎം ശേഷിയുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് ബാംഗ്ലൂർ മെഡിക്കൽ കോളജിലെ ക്ലിനിക്കൽ മൂല്യനിർണയത്തിനായി പരിശോധിക്കുന്നു. ഫലങ്ങൾ മികച്ചതാണെന്നും ഓക്സിജൻ ഉത്പാദനം 90% ആണെന്നും അതിനാൽ ചൈനീസ് കോൺസൺട്രേറ്ററുകളെ അപേക്ഷിച്ച് 40-50% വരെ കൂടുതൽ കാര്യക്ഷമമാണെന്നും രംഗരാജൻ പറഞ്ഞു. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി ഐ.ഐ.എസ്.സിയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും രംഗരാജൻ മന്ത്രിയെ അറിയിച്ചു. ഓക്സിജൻ ഉപയോഗപ്പെടുത്തുന്നതിനും വാക്‌സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിനും ആരോഗ്യമന്ത്രി ഐഐഎസ്‌സിയുടെ സഹായം തേടി. ഈ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് രംഗരാജൻ മന്ത്രിക്ക് ഉറപ്പ് നൽകി.