ബെംഗളൂരു: കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കാൻ സംസ്ഥാനം തയാറാണെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. സംസ്ഥാനത്ത് ഇതിനായി സ്റ്റോറേജ് സൗകര്യം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിലും ബെലഗാവിലും വലിയ തരത്തിലുള്ള സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് പ്രാദേശിക സ്റ്റോറേജുകളും 30 ജില്ലകളിലും സ്റ്റോറേജ് സൗകര്യവും ഏർപ്പെടുത്തി.
ഒരേസമയം 45 ലക്ഷം വരെ വാക്‌സിനുകൾ സൂക്ഷിച്ച് വെയ്‌ക്കാനുള്ള സൗകര്യം ഇതിനുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും വ്യക്തമായ നിർദേശത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമേ പ്രതിരോധ കുത്തിവെയ്പ്പ് അനുവദിച്ചിട്ടുള്ളൂ. അതിനാൽ സംസ്ഥാന ആരോഗ്യമന്ത്രിയായ താൻ ആദ്യ കുത്തിവെയ്പ്പ് നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.